റെക്കോർഡ് ഓപ്പണിങ് പാർട്ണർഷിപ്; സച്ചിനും സെവാഗിനും പോലും നേടാനാവാത്തതാണ് രാഹുലും ജയ്‌സ്വാളും നേടിയത്, രോഹിത് ശർമയ്ക്ക് ഓപ്പണിങ് സ്ഥാനം ത്യജിക്കേണ്ടി വരുമോ ?
പെർത്ത്: ഓസ്ട്രേലിയയ്‌ക്കെതിരായ പെർത്ത് ടെസ്റ്റിൽ കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചു. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി 200 റൺസിന്റെ ഓപ്പണിംഗ് പങ്കാളിത്തം നേടിയ ഈ ജോഡി, നിരവധി റെക്കോർഡുകൾ കടപുഴക്കി. പിതൃത്വ അവധിയിലായ നായകൻ രോഹിത് ശർമയുടെ അഭാവത്തിലാണ് രാഹുൽ ഓപ്പണിങ് സ്ഥാനത്തെത്തിയത്. രോഹിത് മടങ്ങിയെത്തുമ്പോൾ റെക്കോർഡ് ഓപ്പണിങ് ജോഡിയെ മാറ്റുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയിൽ ഇന്ത്യൻ ഓപ്പണർമാർ നേടുന്ന ഏറ്റവും ഉയർന്ന പാർട്ണർഷിപ്പാണ് ഇരുവരും രേഖപ്പെടുത്തിയത്. 1986ൽ സിഡ്നിയിൽ സുനിൽ ഗാവസ്കറും കൃഷ്ണമാചാരി ശ്രീകാന്തും ചേർന്ന് നേടിയ 191 റൺസിന്റെ റെക്കോർഡാണ് രാഹുൽ-ജയ്‌സ്വാൾ ജോഡി മറികടന്നത്. ഗവാസ്കറിന്റെ പേരിലുള്ള റെക്കോർഡ് അദ്ദേഹത്തിൻറെ പേരിലുള്ള ടൂർണമെന്റിൽ തന്നെ മറികടക്കുക എന്ന അപൂർവതയും ഇതിനുണ്ട്.
എന്നാൽ പാർട്ണർഷിപ്പ് 200ൽ എത്തിയതിന് പിന്നാലെ കെഎൽ രാഹുൽ പുറത്തായി. ഇതോടെ 201 റൺസിൽ പങ്കാളിത്തം അവസാനിച്ചു. 77 റൺസെടുത്ത രാഹുൽ പുറത്തായപ്പോൾ ജയ്‌സ്വാൾ 110 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 22 വയസ്സുള്ള ജയ്‌സ്വാളിന്റെ ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും, വിദേശത്തെ രണ്ടാമത്തെയും സെഞ്ച്വറിയാണിത്.
മത്സരത്തിലെ പ്രധാന സംഭവങ്ങൾ:
- രാഹുൽ-ജയ്‌സ്വാൾ ജോഡി 200 റൺസിന്റെ ഓപ്പണിംഗ് പങ്കാളിത്തം നേടി.
- ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും ഉയർന്ന ഓപ്പണിംഗ് പങ്കാളിത്തം.
- ജയ്‌സ്വാൾ വിദേശ മണ്ണിൽ രണ്ടാം സെഞ്ച്വറി നേടി.
- ഇന്ത്യ മത്സരത്തിൽ ശക്തമായ നിലയിൽ.
ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കരുത്തിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ, ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിന്റെ ലീഡ് നേടിയിരുന്നു. ഈ ലീഡും രാഹുൽ-ജയ്‌സ്വാൾ ജോഡിയുടെ റെക്കോർഡ് ഓപ്പണിങ് പാർട്ണർഷിപ്പും ഇന്ത്യയെ മത്സരത്തിൽ വളരെ മുന്നിലെത്തിച്ചു കഴിഞ്ഞു.
ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്കുവേണ്ടി 100+ ഫസ്റ്റ് വിക്കറ്റ് സ്റ്റാൻഡുകളുടെ പൂർണ്ണ പട്ടിക (ടെസ്റ്റ് ക്രിക്കറ്റ്)
പങ്കാളികൾ | റൺസ് | ഇന്നിംഗ്സ് | ഗ്രൗണ്ട് | തീയതി |
വൈ ജയ്‌സ്വാൾ, കെഎൽ രാഹുൽ | 201 | 3 | പെർത്ത് | 23-നവം-2024 |
എസ്എം ഗാവസ്കർ, കെ ശ്രീകാന്ത് | 191 | 1 | സിഡ്നി | 02-ജനു-1986 |
സിപിഎസ് ചൗഹാൻ, എസ്എം ഗാവസ്കർ | 165 | 3 | മെൽബൺ | 07-ഫെബ്രു-1981 |
എ ചോപ്ര, വി സെവാഗ് | 141 | 1 | മെൽബൺ | 26-ഡിസം-2003 |
എംഎച്ച് മങ്കാദ്, സിടി സർവതെ | 124 | 2 | മെൽബൺ | 01-ജനു-1948 |
എ ചോപ്ര, വി സെവാഗ് | 123 | 1 | സിഡ്നി | 02-ജനു-2004 |