2004ന് ശേഷം ഇതാദ്യം; സാക്ഷാൽ സച്ചിനും, രോഹിത്തിനും പോലും സാധിക്കാത്തത് നടത്തിക്കാണിച്ച് രാഹുൽ-ജയ്‌സ്വാൾ ജോഡി ചരിത്രം കുറിച്ചു
പെർത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചരിത്രം കുറിച്ചു. 2004ന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി സ്റ്റാൻഡ് രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ ഓപ്പണിംഗ് ജോഡിയായി ഇരുവരും മാറി. 2004ലെ പരമ്പരയിൽ സിഡ്നിയിൽ വീരേന്ദർ സെവാഗും ആകാശ് ചോപ്രയും ചേർന്ന് നേടിയ 123 റൺസിന്റെ സ്റ്റാൻഡ് ആണ് അവസാനമായി ഒരു ഇന്ത്യൻ ജോഡി ഓസ്‌ട്രേലിയയിൽ നേടിയ സെഞ്ചുറി ഓപ്പണിങ് കൂട്ടുകെട്ട്.
ഓസ്ട്രേലിയയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർമാർ 100+ പങ്കാളിത്തം നേടുന്ന ആറാമത്തെ മാത്രം ഇന്നിങ്‌സാണ് ഇന്നത്തേത്. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള മികച്ച ബൗളിംഗ് പ്രകടനത്തിന് ശേഷം, 46 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ജയ്‌സ്വാൾ - രാഹുൽ ജോഡി ബാറ്റിങ് വിഷമകരമെന്ന് വിധിയെഴുതപ്പെട്ട പിച്ചിൽ ശ്രദ്ധയോടെ ബാറ്റ് വീശിയാണ് കൂട്ടുകെട്ട് പടുത്തുയർത്തിയത്.
തന്റെ രണ്ടാമത്തെ മാത്രം വിദേശ ടെസ്റ്റിൽ കളിക്കുന്ന ജയ്‌സ്വാൾ ശ്രദ്ധേയമായ സ്ഥിരത പുലർത്തി. ആദ്യ ഇന്നിംഗ്‌സിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട യുവതാരം 88 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. മിച്ചൽ സ്റ്റാർക്കിനെതിരെ തൊടുത്ത ഒരു റാമ്പ് ഷോട്ടും മിഡ്‌വിക്കറ്റിലൂടെ അടിച്ച പവർഫുൾ ഷോട്ടും അദ്ദേഹത്തിൻറെ ആത്മവിശ്വാസം വ്യക്തമാക്കി. ഒരു ഘട്ടത്തിൽ, സ്റ്റാർക്കിനോട് "നിങ്ങൾ സ്ലോ ആണ്" എന്ന് കമന്റ് ചെയ്യാൻ പോലും മടിക്കാതിരുന്ന ജയ്‌സ്വാൾ സ്റ്റാർക്കിന്റെ പോലും അഭിനന്ദനം ഏറ്റുവാങ്ങി.
മറുവശത്ത്, രാഹുൽ ക്ലാസിക് ടെസ്റ്റ് ഇന്നിങ്‌സ് ശൈലിയിൽ, തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. 124 പന്തുകൾ നേരിട്ടാണ് രാഹുലിന്റെ ഫിഫ്റ്റി. പാറ്റ് കമ്മിൻസിനെതിരെ അദ്ദേഹം കളിച്ച ഓൺ-ഡ്രൈവ് ദിവസത്തെ ഏറ്റവും മികച്ച ഷോട്ടായി പ്രശംസിക്കപ്പെട്ടു. സ്ഥിരം ശൈലിയിൽ നിന്നും മാറി, ഓഫ് സ്റ്റമ്പിലേക്ക് ഫ്രണ്ട് ഫുട്ട് പ്രസ് ചെയ്യുന്നത് ഒഴിവാക്കി കളിച്ച രാഹുൽ, ആക്രമണത്തിലും, പ്രതിരോധത്തിലും കൂടുതൽ ബാലൻസ്ഡ് ആയി കാണപ്പെട്ടു.
ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ് - 1986 ൽ സിഡ്നിയിൽ സുനിൽ ഗാവസ്കറും കൃഷ്ണമാചാരി ശ്രീകാന്തും ചേർന്ന് നേടിയ 191 റൺസാണ്. ഈ റെക്കോർഡ് ഗവാസ്കറിന്റെ പേരിലുള്ള ടൂർണമെന്റിൽ തന്നെ മറികടക്കാനുള്ള സുവർണാവസരമാണ് ജയ്‌സ്വാളിനും, രാഹുലിനും മുന്നിലുള്ളത്.
ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്കുവേണ്ടി 100+ ഫസ്റ്റ് വിക്കറ്റ് സ്റ്റാൻഡുകളുടെ പൂർണ്ണ പട്ടിക (ടെസ്റ്റ് ക്രിക്കറ്റ്)
പങ്കാളികൾ | റൺസ് | ഇന്നിംഗ്സ് | ഗ്രൗണ്ട് | തീയതി |
എസ്എം ഗാവസ്കർ, കെ ശ്രീകാന്ത് | 191 | 1 | സിഡ്നി | 02-ജനു-1986 |
സിപിഎസ് ചൗഹാൻ, എസ്എം ഗാവസ്കർ | 165 | 3 | മെൽബൺ | 07-ഫെബ്രു-1981 |
എ ചോപ്ര, വി സെവാഗ് | 141 | 1 | മെൽബൺ | 26-ഡിസം-2003 |
വൈ ജയ്‌സ്വാൾ, കെഎൽ രാഹുൽ | 131* | 3 | പെർത്ത് | 23-നവം-2024 |
എംഎച്ച് മങ്കാദ്, സിടി സർവതെ | 124 | 2 | മെൽബൺ | 01-ജനു-1948 |
എ ചോപ്ര, വി സെവാഗ് | 123 | 1 | സിഡ്നി | 02-ജനു-2004 |
ദിവസത്തിന്റെ തുടക്കത്തിൽ, ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ തന്റെ 11-ാമത്തെ ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തു. അരങ്ങേറ്റക്കാരനായ ഹർഷിത് റാണയും തന്റെ വേഗതയിലും കൃത്യതയിലും മികവ് പുലർത്തി ഓസ്ട്രേലിയൻ ലോവർ ഓർഡറിനെ കുഴക്കി. മിച്ചൽ സ്റ്റാർക്ക് (പുറത്താകാതെ 26), ജോഷ് ഹേസൽവുഡ് (പുറത്താകാതെ 7) എന്നിവർ അവസാന വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഓസ്ട്രേലിയ 104 റൺസിന് പുറത്തായി. ഇന്ത്യ 46 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.