സഞ്ജുവുമായി ഭിന്നതയെന്ന്, പൊട്ടിത്തെറിച്ച് ദ്രാവിഡ്
രാജസ്ഥാന്‍ റോയല്‍സ് ടീമിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പുറത്തുവന്ന ചില വീഡിയോ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി, ക്യാപ്റ്റന്‍ സഞ്ജു സാംസണും ദ്രാവിഡും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ദ്രാവിഡ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സഞ്ജുവുമായി ഭിന്നതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ദ്രാവിഡ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:
'ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാനും സഞ്ജുവും ഒരേ ചിന്താഗതിക്കാരാണ്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കളിക്കാരനാണ് സഞ്ജു. ടീമുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ചര്‍ച്ചകളിലും അവന്‍ സജീവമായി പങ്കുചേരുന്നുണ്ട്' ദ്രാവിഡ് പറഞ്ഞു.
'ചില സമയങ്ങളില്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചതുപോലെ നടക്കാതെ വരുമ്പോള്‍ ടീം തോല്‍ക്കുകയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യും. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയില്ല. ടീമിനുള്ളില്‍ വളരെ നല്ല ഐക്യമുണ്ട്. ഓരോ കളിക്കാരനും ടീമിനുവേണ്ടി നടത്തുന്ന കഠിനാധ്വാനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്' ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച സ്വന്തം മൈതാനത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത പോരാട്ടം. കളിച്ച ഏഴ് മത്സരങ്ങളില്‍ വെറും രണ്ട് വിജയങ്ങള്‍ മാത്രം നേടിയ രാജസ്ഥാന് മുന്നോട്ടുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. ടീമിനുള്ളിലെ ഐക്യത്തെക്കുറിച്ചുള്ള ദ്രാവിഡിന്റെ വാക്കുകള്‍ വരും മത്സരങ്ങളില്‍ ടീമിന് പ്രചോദനമായേക്കും എന്ന് കരുതാം.