For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

മോനെ.. ചൂടാകരുത്, ഗംഭീറിന്റെ കണ്ണുനിറയിപ്പിച്ച് രാഹുല്‍ ദ്രാവിഡ്

12:16 PM Jul 27, 2024 IST | admin
UpdateAt: 12:37 PM Jul 27, 2024 IST
മോനെ   ചൂടാകരുത്  ഗംഭീറിന്റെ കണ്ണുനിറയിപ്പിച്ച് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന് ഹൃദയംഗമമായ ആശംസകളുമായി മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്ത്. ശ്രീലങ്കന്‍ പര്യടനത്തോടെ ഇന്ത്യന്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതിനിടേയാണ് ഗംഭീറിന് ദ്രാവിഡിന്റെ ആശംസകള്‍ എത്തിയിരിക്കുന്നത്. ബിസിസിഐ ആണ് ദ്രാവിഡിന്റെ വീഡിയോ സന്ദേശം പങ്കിട്ടിരിക്കുന്നത്.

ഈ വീഡിയോയില്‍ രാഹുല്‍ ദ്രാവിഡ് തന്റെ പരിശീലക കാലത്തെ ഓര്‍ത്തെടുക്കുകയും ഗംഭീറിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഐസിസി ടി20 ലോകകപ്പ്, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങിയ നിര്‍ണായക ടൂര്‍ണമെന്റുകളില്‍ തനിക്ക് ലഭിച്ച പൂര്‍ണ ഫിറ്റ്‌നസ് ഉള്ള ഒരു ടീമിനെ ഗംഭീറിന് ലഭിക്കുമെന്ന് ദ്രാവിഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തെ ദ്രാവിഡ് 'ലോകത്തിലെ ഏറ്റവും ആവേശകരമായ ജോലി' എന്നാണ് വിശേഷിപ്പിച്ചത്.

Advertisement

'ഹലോ, ഗൗതം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും ആവേശകരമായ ഈ ജോലിയിലേക്ക് സ്വാഗതം. എന്റെ സ്വപ്നങ്ങള്‍ക്ക് അതീതമായ രീതിയില്‍ ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള എന്റെ കാലഘട്ടം അവസാനിപ്പിച്ച് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞു. ബാര്‍ബഡോസിലും പിന്നീട് മുംബൈയിലെ ആ അവിസ്മരണീയ സായാഹ്നത്തിലും. ടീമിനൊപ്പമുള്ള എന്റെ കാലത്ത് ഞാന്‍ നേടിയ ഓര്‍മ്മകളും സൗഹൃദങ്ങളുമാണ് ഏറ്റവും വിലപ്പെട്ടത്. ഇന്ത്യന്‍ പരിശീലകന്റെ വേഷം ഏറ്റെടുക്കുമ്പോള്‍, ഇത് തന്നെയാണ് ഞാന്‍ നിങ്ങള്‍ക്കും ആശംസിക്കുന്നത്' ദ്രാവിഡ് പറഞ്ഞു.

'എല്ലാ ടീമിലും പൂര്‍ണ്ണ ഫിറ്റ്‌നസ് ഉള്ള കളിക്കാരെ ലഭ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിന് എല്ലാ ആശംസകളും. ഞങ്ങളെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ അല്‍പ്പം വിവേകികളും ബുദ്ധിമാന്മാരുമായി കാണിക്കാന്‍ എല്ലാ പരിശീലകര്‍ക്കും ആവശ്യമായ ഒരു ചെറിയ ഭാഗ്യം ഞാന്‍ നിങ്ങള്‍ക്കും ആശംസിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

ഗംഭീറിന്റെ അചഞ്ചലതയെയും, അടിയറവ് പറയാനുള്ള വിസമ്മതത്തെയും, വിജയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെയും ദ്രാവിഡ് പ്രശംസിച്ചു. ടീം ഇന്ത്യയ്ക്കൊപ്പം ഒരു ടീമംഗമെന്ന നിലയിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു എതിരാളിയെന്ന നിലയിലും ഈ ഗുണങ്ങള്‍ താന്‍ കണ്ടതായി ദ്രാവിഡ് ഓര്‍ത്തെടുത്തു. യുവ കളിക്കാരുമായി പ്രവര്‍ത്തിക്കാനും അവരില്‍ നിന്ന് മികച്ചത് പുറത്തെടുക്കാനുമുള്ള ഗംഭീറിന്റെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു.

'ഇന്ത്യന്‍ ക്രിക്കറ്റിനോട് നിങ്ങള്‍ എത്രമാത്രം സമര്‍പ്പിതനും അഭിനിവേശമുള്ളവനുമാണെന്ന് എനിക്കറിയാം, ഈ ഗുണങ്ങളെല്ലാം ഈ പുതിയ ജോലിയിലേക്കും കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്' ദ്രാവിഡ് വിലയിരുത്തി.

Advertisement

പിന്നീടാണ് ദ്രാവിഡ് ഗംഭീറിന് നിര്‍ണ്ണായകമായ ഉപദേശങ്ങള്‍ നല്‍കുന്നത്. സമ്മര്‍ദ്ദത്തില്‍ സംയമനം പാലിക്കാനാണ് ദ്രാവിഡ് ഗംഭീറിനെ ഉപദേശിക്കുന്നത്. കളിക്കാര്‍, ജീവനക്കാര്‍, ആരാധകര്‍ എന്നിവരില്‍ നിന്നുള്ള പിന്തുണയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു.

'ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഏറ്റവും ചൂടേറിയ സമയങ്ങളില്‍, ശ്വാസം വിട്ട് ഒരു പടി പിന്നോട്ട് പോകുക, നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ പോലും, ഒരു പുഞ്ചിരി വിടര്‍ത്തുക. മറ്റെന്തെങ്കിലും സംഭവിച്ചാലും, അത് ആളുകളെ ഞെട്ടിക്കും. ഗൗതം, നിങ്ങള്‍ക്ക് ഏറ്റവും നല്ലത് ഞാന്‍ ആശംസിക്കുന്നു. നിങ്ങള്‍ഇന്ത്യന്‍ ടീമിനെ ഇനിയും ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ദ്രാവിഡ് പറഞ്ഞു നിര്‍ത്തി.

വീഡിയോയോട് പ്രതികരിച്ച ഗംഭീര്‍ ഉടന്‍ തന്നെ രംഗത്തെത്തി. ദ്രാവിഡിനോടുള്ള ആഴത്തിലുള്ള ആരാധനയാണ് ഗംഭീര്‍ വ്യക്തമാക്കിയത്. താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരനാണ് ദ്രാവിഡ് എന്ന് പറഞ്ഞ ഗംഭീര്‍ തന്റെ പുതിയ വേഷം സത്യസന്ധതയോടെയും സുതാര്യതയോടെയും സമീപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

'ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമായ എല്ലാം രാഹുല്‍ ഭായ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് മാത്രമല്ല, അടുത്ത തലമുറയ്ക്കും ഇപ്പോഴത്തെ തലമുറയ്ക്കും പഠിക്കാന്‍ ഏറെയുണ്ട്. നമുക്ക് ഏറ്റവും പ്രധാന്യം വ്യക്തികളല്ല, ഇന്ത്യന്‍ ക്രിക്കറ്റാണ്. ഞാന്‍ സാധാരണയായി അധികം വികാരഭരിതനാകാറില്ല, പക്ഷേ ഈ സന്ദേശം എന്നെ വളരെയധികം വികാരഭരിതനാക്കി ശരിയായ രീതിയില്‍ സത്യസന്ധതയോടെയും സുതാര്യതയോടെയും ഈ ജോലി എനിക്ക് ചെയ്യാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല ഞാനേറെ ആദരിക്കുന്ന രാഹുല്‍ ഭായ് ഉള്‍പ്പെടെ മുഴുവന്‍ രാജ്യ നിവാസികളും നമുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന സാഹചര്യം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു' ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

Advertisement