ഐപിഎല്‍ ഫൈനല്‍: മഴ ചതിച്ചാല്‍ കിരീടം ആര്‍ക്ക്? നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ!
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനലിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) പഞ്ചാബ് കിങ്സും (പിബികെഎസ്) ഒരുങ്ങുകയാണ്. ആര ആദ്യ കിരീടം സ്വന്തമാക്കുമെന്ന് ആരാധകര്‍ക്ക് ആകാംഷയും ആശങ്കയും ഒരേപോലെയാണ. 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ കന്നി കിരീടം നേടാനാണ് ഇരു ടീമുകളും കണ്ണുംനട്ടിരിക്കുന്നത്.
എന്നാല്‍, കളിക്ക് മഴ ഭീഷണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ, മത്സരം നടക്കാതെ വന്നാല്‍ കിരീടം ആര്‍ക്ക് എന്ന ചോദ്യം ഉയരുകയാണ്.
മഴയുടെ ഭീഷണി
കഴിഞ്ഞ ഞായറാഴ്ച പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന ക്വാളിഫയര്‍ 2 മത്സരത്തെയും മഴ കാര്യമായി ബാധിച്ചിരുന്നു. മൂന്ന് മണിക്കൂറോളം വൈകിയാണ് അന്ന് കളി ആരംഭിച്ചത്. സമാനമായ ഒരു അവസ്ഥ ഇന്നും ഫൈനലില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍, മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.
അധിക സമയവും റിസര്‍വ് ദിനവും
മഴ കാരണം കളി മുടങ്ങിയാല്‍, മത്സരം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധിക സമയം അനുവദിക്കും. ഈ സമയം കൊണ്ട് കളി തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍, മത്സരം ജൂണ്‍ 4 ബുധനാഴ്ചയിലേക്ക്, അതായത് റിസര്‍വ് ദിനത്തിലേക്ക് മാറ്റും. റിസര്‍വ് ദിനത്തിലും മഴ കാരണം കളി നടക്കാതെ വന്നാല്‍, ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
നെറ്റ് റണ്‍ റേറ്റിന്റെ നിര്‍ണായക പ്രാധാന്യം
ലീഗ് ഘട്ടത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും 19 പോയിന്റ് വീതം നേടിയിരുന്നു. ഒമ്പത് വിജയങ്ങളുമായി ഇരു ടീമുകളും തുല്യ നിലയിലായിരുന്നെങ്കിലും, നെറ്റ് റണ്‍ റേറ്റിന്റെ (NRR) അടിസ്ഥാനത്തില്‍ പഞ്ചാബ് കിങ്സ് ആണ് ലീഗ് ഘട്ടത്തില്‍ മുന്നിട്ട് നിന്നത്. പഞ്ചാബ് കിങ്സിന്റെ NRR 0.372 ആയിരുന്നപ്പോള്‍, ആര്‍സിബിയുടെ NRR 0.301 ആയിരുന്നു. അതിനാല്‍, ഫൈനല്‍ മത്സരം മഴ കാരണം പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍, പഞ്ചാബ് കിങ്സിനെയായിരിക്കും ഐപിഎല്‍ 2025 ലെ വിജയികളായി പ്രഖ്യാപിക്കുക.
ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ആര്‍സിബി നേരിട്ട് ഫൈനലില്‍ എത്തിയെങ്കിലും, മഴ അവരുടെ കിരീട സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് കിങ്സ് ലീഗ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ കിരീടം ചൂടാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട്, ക്രിക്കറ്റ് ആരാധകര്‍ക്ക് ഫൈനല്‍ മത്സരത്തോടൊപ്പം അഹമ്മദാബാദിലെ കാലാവസ്ഥാ റിപ്പോര്‍ട്ടും ഒരുപോലെ പ്രധാനമാണ്. ഒരു ആവേശകരമായ മത്സരം നടക്കുമെന്നും, മഴ കളി മുടക്കില്ലെന്നും പ്രതീക്ഷിക്കാം.