മഴ കളിച്ചാൽ ഇടിത്തീ വീഴുക ഇന്ത്യയുടെ തലയിൽ; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വെള്ളത്തിലാകും
ബ്രിസ്ബേൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് തുടക്കത്തിൽ തന്നെ മഴയിൽ മുങ്ങിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ ഭൂരിഭാഗം സമയവും മഴ കളിച്ചതോടെ കളി നിർത്തിവച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും, ഓസ്ട്രേലിയൻ ഓപ്പണർമാരുടെ ചെറുത്തുനിൽപ്പും ഒപ്പം മഴയും എത്തിയതോടെ അതിരാവിലെ ഉണർന്ന് മത്സരം കണ്ട ആരാധകർ നിരാശരായി.
ടെസ്റ്റിന്റെ അഞ്ച് ദിവസത്തേക്കുമുള്ള കാലാവസ്ഥാ പ്രവചനം ഒട്ടും ശുഭകരമല്ല. നിലവിൽ രണ്ട് സെഷനുകൾ മത്സരത്തിൽ മഴമൂലം നഷ്ടമായി. അതിനാൽ തന്നെ ഇനിയുള്ള രണ്ടോ മൂന്നോ സെഷനുകൾ മഴ മൂലം നഷ്ടപ്പെട്ടാൽ പോലും മത്സരം ഫലമില്ലാതെ അവസാനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഗബ്ബയിൽ സമനിലയിലായാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ 57.29 പോയിന്റ് ശതമാനവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗബ്ബയിൽ നടക്കുന്ന മത്സരം ഉൾപ്പെടെ മൂന്ന് ടെസ്റ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസിനാവട്ടെ ശ്രീലങ്കയുമായി രണ്ട് മത്സരങ്ങളുടെ പരമ്പര ബാക്കിയുണ്ട്. അതിനാൽ തന്നെ ഇന്ത്യയ്ക്ക് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ, ഗബ്ബയിൽ മഴ കളി മുടക്കിയാൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും പോയിന്റ് വീതം വയ്‌ക്കേണ്ടിവരും. ഇത് ഇന്ത്യയുടെ പോയിന്റ് ശതമാനം 55.88 ആയി കുറയ്ക്കും. ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം 58.89 ആയി ഉയരും. ദക്ഷിണാഫ്രിക്ക 63.33 പോയിന്റ് ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യും.
ബ്രിസ്ബേനിൽ സമനിലയായാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് അത് കനത്ത തിരിച്ചടിയാകും. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും അവരുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് രണ്ട് അധിക മത്സരങ്ങൾ ലഭിക്കുകയും ചെയ്യും.
ഇന്ത്യയുടെ വിവിധ സാധ്യതകള്‍:
3-0 വിജയം: 64.05 പോയിന്റ് ശതമാനം - ഫൈനല്‍ ഉറപ്പ്
4-1 വിജയം: ഫൈനല്‍ ഉറപ്പ്
3-2 വിജയം: ശ്രീലങ്ക ഓസ്‌ട്രേലിയയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കണം.
2-2 സമനില: ശ്രീലങ്ക ഓസ്‌ട്രേലിയയെ രണ്ട് ടെസ്റ്റിലും തോല്‍പ്പിക്കണം.
3-2 തോല്‍വി: ശ്രീലങ്കയും പാകിസ്ഥാനും യഥാക്രമം ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിക്കണം.