അപ്പോ രാജസ്ഥാനിലെത്താൻ സഞ്ജുവിനെ ഔട്ടാക്കിയാൽ മതി; ട്രോളുകളിൽ നിറഞ്ഞ് സഞ്ജുവും ഹസരങ്കയും
ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയെ സ്വന്തമാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഹസരങ്കയ്‌ക്കെതിരെ മോശം റെക്കോഡുള്ള രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ സംരക്ഷിക്കാനാണ് താരത്തെ ടീമിലെത്തിച്ചത് എന്നാണ് ആരാധകർ പറയുന്നത്. ഇത് സഞ്ജുവിന്റെ മാസ്റ്റർ പ്ലാനാണെന്നും ഹസാരങ്കയെ നെറ്റ്സിൽ ഇനി സഞ്ജു അടിച്ചുപരത്തുമെന്നും പറയുന്നവരുമുണ്ട്.
ടി20യിൽ എട്ട് തവണ ഹസരങ്കയെ നേരിട്ട സഞ്ജുവിന് ആറ് തവണയും പുറത്താകേണ്ടി വന്നിട്ടുണ്ട്. 6.66 എന്ന മോശം ശരാശരിയും 43 പന്തിൽ നിന്ന് 40 റൺസ് എന്ന കണക്കും ശ്രുലങ്കൻ സ്പിന്നർക്ക് സഞ്ജുവിന്റെ മേലുള്ള ആധിപത്യം വ്യക്തമാക്കുന്നു. ഈ കണക്കുകൾ ചൂണ്ടിക്കാട്ടി "ഇനി ഞങ്ങടെ ക്യാപ്റ്റനെ തൊട്ടു കളിക്കുമോ", "ഇത് മാസ്റ്റർ പ്ലാൻ, ഇനി ഹസരങ്ക നെറ്റ്സിലെറിയട്ടെ!" തുടങ്ങിയ രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഹസരങ്കയെ ടീമിലെത്തിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സഞ്ജുവായിരിക്കുമെന്നും, ഇനി ഐപിഎല്ലിൽ ഹസരങ്കയ്ക്ക് സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം ലഭിക്കില്ലെന്നും ആരാധകർ പരിഹസിക്കുന്നു. "തനിക്ക് ഭീഷണിയായ താരത്തെ ബുദ്ധിപൂർവം ഒപ്പം കൂട്ടി" എന്ന തമാശയും സജീവമാണ്.
12.5 കോടിക്ക് ജോഫ്ര ആർച്ചറെ സ്വന്തമാക്കിയ രാജസ്ഥാൻ, ഹസരങ്കയ്ക്ക് പുറമെ മഹീഷ് തീക്ഷണ, ആകാശ് മധ്‌വാൾ, കുമാർ കാർത്തികേയ എന്നിവരെയും ടീമിലെത്തിച്ചു. നിലവിൽ 11 അംഗങ്ങളുള്ള ടീമിന് ഇനിയും 14 താരങ്ങളെ കൂടി സ്വന്തമാക്കാനുണ്ട്. ഡെത്ത് ഓവർ ബാറ്റ്സ്മാൻമാരും, ബാക്കപ്പ് ഫാസ്റ്റ് ബൗളർമാരുമാണ് രാജസ്ഥാന് ഇനി വേണ്ടത്.