ഒത്തുകളി ആരോപണം കത്തുന്നു, നടപടിയിലേക്ക് കടന്ന് രാജസ്ഥാന്‍ റോയല്‍സ്
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഒത്തുകളി ആരോപണങ്ങള്‍ കളി കാര്യമാക്കുന്നു; ആരോപണം ഉന്നയിച്ച ആര്‍സിഎ കണ്‍വീനര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോയല്‍സ് രംഗത്ത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലെ തോല്‍വിയെത്തുടര്‍ന്ന് ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങള്‍ രാജസ്ഥാന്‍ റോയല്‍സും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും (ആര്‍സിഎ) തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നു. ആരോപണം ഉന്നയിച്ച ആര്‍സിഎ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് റോയല്‍സ് ടീം മാനേജ്മെന്റ് മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.
ടീമിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും ഇതിന് യാതൊരു തെളിവുമില്ലെന്നും റോയല്‍സ് മാനേജ്മെന്റ് പ്രതിനിധി ദീപക് റോയ് വ്യക്തമാക്കി. ബിഹാനിയുടെ ആരോപണങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍സിഎ അഡ്ഹോക്ക് കമ്മിറ്റിയെ മാറ്റിനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സും രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ബിസിസിഐയും ഗൂഢാലോചന നടത്തിയെന്ന് ബിഹാനി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ റോയല്‍സ് മാനേജ്മെന്റ് തള്ളിക്കളഞ്ഞു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സിന് തോറ്റ മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയര്‍ന്നത്. ഈ തോല്‍വിയെത്തുടര്‍ന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപി എംഎല്‍എ കൂടിയായ ജയ്ദീപ് ബിഹാനി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 'വിജയിക്കേണ്ടിയിരുന്ന കളിയില്‍ രാജസ്ഥാന്‍ എങ്ങനെ പരാജയപ്പെട്ടു? രാജസ്ഥാനിലെ യുവതാരങ്ങള്‍ക്ക് ഇതൊക്കെ എന്ത് സന്ദേശമാണ് നല്‍കുന്നത്?' അദ്ദേഹം ചോദിച്ചു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എട്ട് മത്സരങ്ങളില്‍ ആറെണ്ണവും തോറ്റ രാജസ്ഥാന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.