അവിശ്വസനീയ റെക്കോര്‍ഡ് തൂക്കി, ചരിത്രം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ്
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെതിരെ ചരിത്രമെഴുതി. മുല്ലന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് ആണ് നേടിയത്.
ഇതോടെ, മുള്ളന്‍പൂരില്‍ ഒരു ട്വന്റി-20 മത്സരത്തില്‍ 200 റണ്‍സ് നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ സ്വന്തമാക്കി. നേരത്തെ ഈ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ മുംബൈ ഇന്ത്യന്‍സിന്റെ പേരിലായിരുന്നു. 2024 ഐപിഎല്ലില്‍ പഞ്ചാബിനെതിരെ അവര്‍ നേടിയ 192/7 എന്ന സ്‌കോറാണ് രാജസ്ഥാന്‍ മറികടന്നത്.
മുള്ളന്‍പൂരിലെ ട്വന്റി-20യിലെ ഉയര്‍ന്ന ടീം ടോട്ടലുകള്‍:
- 205/4 രാജസ്ഥാന് റോയല്‍സ് - പഞ്ചാബ് കിംഗ്സ് (2025)*
- 192/7 മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിംഗ്സ് (2024)
- 183 ഓള് ഔട്ട് - പഞ്ചാബ് കിംഗ്സ് - മുംബൈ ഇന്ത്യന്‍സ് (2024)
- 182/9 സണ്‍റൈസേഴ്സ് ഹൈദരാബാദ് - പഞ്ചാബ് കിംഗ്സ് (2024)
- 180/6 പഞ്ചാബ് കിംഗ്സ് - സണ്‍റൈസേഴ്സ് ഹൈദരാബാദ് (2024)
യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി ജയ്‌സ്വാളും സഞ്ജു സാംസണും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
സഞ്ജു സാംസണാണ് ആദ്യം പുറത്തായത്. പിന്നീട് ജയ്‌സ്വാള്‍ തന്റെ ഐപിഎല്‍ 2025 ലെ ആദ്യ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍, 67 റണ്‍സെടുത്ത ജയ്‌സ്വാളിന് വലിയ സ്‌കോറിലേക്ക് എത്താനായില്ല. പിന്നാലെ നിതീഷ് റാണയും (12) പുറത്തായി. പിന്നീട് റിയാന്‍ പരാഗും ഷിംറോണ്‍ ഹെറ്റ്മയറും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ട് നയിച്ചു. ഹെറ്റ്മയര്‍ പുറത്തായ ശേഷം പരാഗ് തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്ന് 43 റണ്‍സെടുത്തു. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 205/4 എന്ന മികച്ച സ്‌കോറില്‍ എത്തിച്ചേര്‍ന്നു.
മറുപടി ബാറ്റിംഗില്‍ പഞ്ചാബ് സ്‌കോര്‍ 155ല്‍ ഒതുങ്ങി. ഇതോടെ 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് രജാസ്ഥാന്‍ സ്വന്തമാക്കിയത്.