കരുത്തും ദൗര്‍ബല്യവുമുണ്ട്, കിരീടം ലക്ഷ്യമിട്ട് രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ സംഭവിക്കുന്നത്
ഐപിഎല്‍ 18ാം സീസണ്‍ പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധ്യതയുള്ള ശക്തമായ ടീമുകളിലൊന്നായാണ് രാജസ്ഥാന്‍ റോയല്‍സ് വിലയിരുത്തപ്പെടുന്നത്. ഉദ്ഘാടന സീസണിലെ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് നിരവധി ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജു സാംസണിലൂടെ ഒരു മികച്ച നായകനെ അവര്‍ക്ക് ലഭിച്ചു.
2021-ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജു, ടീമിനെ രണ്ടുതവണ പ്ലേ ഓഫിലെത്തിച്ചു. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഫൈനലില്‍ എത്തിച്ചതും സഞ്ജുവാണ്. ഐ.പി.എല്‍ പുതിയ സീസണിലും സഞ്ജുവിനെ ക്യാപ്റ്റനായി നിലനിര്‍ത്തിയ രാജസ്ഥാന്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ്മ, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവരെയും നിലനിര്‍ത്തി.
ലേലത്തിലൂടെ എത്തിയ താരങ്ങള്‍
ലേലത്തില്‍ നിതീഷ് റാണ, ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസരംഗ തുടങ്ങിയവരെ വലിയ തുകയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കി.
കരുത്ത്
സഞ്ജു, ജയ്സ്വാള്‍, പരാഗ്, ശുഭം ദുബെ, ജുറല്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയാണ് രാജസ്ഥാന്റെ പ്രധാന കരുത്ത്. 2024-ല്‍ ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ സഞ്ജു ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യും. ഇരുവരും എതിരാളികളുടെ ബൗളര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കും. പരാഗ് 2024-ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വരാനിരിക്കുന്ന സീസണില്‍ കൂടുതല്‍ മികച്ച ഇന്നിംഗ്സുകള്‍ കളിയക്കുകയാണ് താരത്തിന്റെ ലക്ഷ്യം.
ദൗര്‍ബല്യം
ലേലത്തില്‍ തന്ത്രപരമായി കളിച്ചെങ്കിലും ജോസ് ബട്ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ വലിയ താരങ്ങളെ നഷ്ടമായി. മഹേഷ് തീക്ഷണ, ഹസരംഗ എന്നിവരെ സ്പിന്നര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചാഹലിന്റെയും അശ്വിന്റെയും അഭാവം ടീമിനെ ബാധിക്കും. കൂടാതെ, മികച്ച ഒരു വിദേശ ബാറ്റര്‍ ടീമിലില്ല.
അവസരം
പരിക്കുകള്‍ കാരണം കരിയര്‍ പ്രതിസന്ധിയിലായ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഐ.പി.എല്‍ 2025 ഒരു നിര്‍ണായക വര്‍ഷമാണ്. 2018-ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച ആര്‍ച്ചര്‍, 2022-ല്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മുന്‍പ് ബൗളിംഗ് നിരയിലെ പ്രധാന താരമായിരുന്നു. 1.1 കോടി രൂപയ്ക്ക് വാങ്ങിയ 13-കാരന്‍ വൈഭവ് സൂര്യവംശിക്കും ഐ.പി.എല്ലില്‍ തിളങ്ങാന്‍ അവസരമുണ്ട്.
ഭീഷണി
കാലാകാലങ്ങളില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. ഇത്തവണയും ഈ പ്രശ്‌നം ടീമിനെ ബാധിച്ചേക്കാം. എന്നാല്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായി എത്തിയതോടെ ടീം മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും.
- രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, നിതീഷ് റാണ, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസരംഗ, സന്ദീപ് ശര്‍മ്മ, മഹേഷ് തീക്ഷണ, ആകാശ് മധ്വാള്‍.