156.7 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മായങ്കിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല, കാരണമിതാണ്
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണല്ലോ ബിസിസിഐ പ്രഖ്യാപിച്ചത്. യുവതാരങ്ങലായ രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ക്ക് ടീമിലേക്ക് ആദ്യമായി വിളിയെത്തി എന്നതാണ് ഈ ടീമിലെ ശ്രദ്ധേയമായ കാര്യം. എസിസി ടി20 പുരുഷ എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് രമണ്‍ദീപിന് ടീമിലേക്ക് വിളിയെത്തിയത്.
അതെസമയം പേസ് സെന്‍ഷേണല്‍ മായങ്ക് യാദവ് ടീമിലില്ല. മായങ്കിന് വീണ്ടും പരിക്കേറ്റതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ബിസിസിഐ അറിയിച്ചു.
'മായങ്ക് യാദവും ശിവം ദുബെയും പരിക്കുമൂലം ടീമില്‍ ഇടംപിടിച്ചില്ല. റിയാന്‍ പരാഗും ടീമിലില്ല. റിയാന്‍ പരാഗ് ദീര്‍ഘകാല ചികിത്സയ്ക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്' ബിസിസിഐ അറിയിച്ചു.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തുടരും. നാല് മത്സര പരമ്പരയ്ക്ക് ബിസിസിഐ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 8 ന് പരമ്പര ആരംഭിക്കും. ഡര്‍ബന്‍, ഗ്‌കെബെര്‍ഹ, സെഞ്ചൂറിയന്‍, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ടീമിലില്ല. റുതുരാജ് ഇന്ത്യ എ ടീമിനെ നയിക്കാന്‍ ഓസ്‌ട്രേലിയയിലായിരിക്കും.
ടി20 ടീമിനൊപ്പം, നവംബര്‍ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അഭിമന്യു ഈശ്വരന്‍ എന്നീ മൂന്ന് പുതുമുഖങ്ങള്‍ ടെസ്റ്റ് ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍