അന്ന് റൊണാൾഡോ പുച്‌ഛിച്ചു തള്ളിയ പരിശീലകൻ യൂറോയിൽ ചരിത്രം കുറിച്ചു
റാൽഫ് റാങ്നിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ മറക്കാനിടയില്ല. സോൾഷെയറെ പുറത്താക്കിയതിന് ശേഷം ടീമിന്റെ താൽക്കാലിക പരിശീലകനായി നിയമിച്ചത് റാങ്നിക്കിനെയായിരുന്നു. ആ സീസൺ അവസാനിക്കുമ്പോൾ ക്ലബിന്റെ അഡ്വൈസർ സ്ഥാനത്തേക്ക് റാങ്നിക്ക് മാറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെ അദ്ദേഹം ക്ലബിനോട് വിട പറഞ്ഞു.
റാങ്നിക്ക് എത്തുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നു. പിയേഴ്‌സ് മോർഗനുമായി താരം നടത്തിയ കോലാഹലങ്ങളുണ്ടാക്കിയ അഭിമുഖത്തിൽ റാങ്നിക്കിനെ ഇകഴ്ത്തിയാണ് റൊണാൾഡോ സംസാരിച്ചത്. ഒരു പരിശീലകനല്ലാത്ത റാങ്നിക്ക് എങ്ങിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കുകയെന്നും അദ്ദേഹത്തെ തനിക്ക് അറിയുമായിരുന്നില്ലെന്നും റൊണാൾഡോ തുറന്നടിച്ചിരുന്നു.
ഓസ്ട്രിയ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനെ തുടർന്നാണ് റാങ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ വിസമ്മതിച്ചത്. എന്തായാലും രണ്ടു വർഷങ്ങൾക്കിപ്പുറം യൂറോ കപ്പിൽ അദ്ദേഹം ചരിത്രം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗ്രൂപ്പിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഫ്രാൻസിനും ഹോളണ്ടിനും മുകളിൽ ഗ്രൂപ്പ് ജേതാക്കളായത് റാങ്നിക്കിന്റെ ഓസ്ട്രിയ ആയിരുന്നു.
നിലവിൽ ജർമനി കഴിഞ്ഞാൽ ഏറ്റവുമധികം ഗോളുകൾ യൂറോ കപ്പിൽ നേടിയ ടീമാണ് ഓസ്ട്രിയ. ഇന്നലെ ഹോളണ്ടിനെതിരെ വളരെ മികച്ച പ്രകടനം നടത്തിയാണ് അവർ വിജയം നേടിയത്. ഫ്രാൻസിനെതിരായ ആദ്യത്തെ മത്സരത്തിൽ തോറ്റെങ്കിലും പോളണ്ട്, ഹോളണ്ട് എന്നിവർക്കെതിരെ വിജയം നേടിയ അവർ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് യൂറോ കപ്പിന്റെ നോക്ക്ഔട്ടിൽ എത്തുന്നത്.
ഓസ്ട്രിയയുടെ പ്രധാന താരങ്ങളിൽ ഒന്നായ ഡേവിഡ് അലബ ഇല്ലാതെയാണ് ടീം ഈ കുതിപ്പ് നടത്തുന്നത്. യൂറോ കപ്പിന് മുൻപ് ബയേൺ മ്യൂണിക്ക് റാങ്നിക്കിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. തന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ച് ഓസ്ട്രിയയെ അദ്ദേഹം ചരിത്രനേട്ടത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.