രഞ്ജി, പോയന്റ് പട്ടികയില്‍ കേരളത്തിന്റെ കുതിപ്പ്, വന്‍ നേട്ടം
കരുത്തരായ കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും പോയന്റ് പട്ടികയില്‍ നേട്ടം കൊയ്ത് കേരളം. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കനത്ത മഴ മൂലം അവസാന രണ്ട് ദിവസങ്ങളിലും കളി മുടങ്ങിയതാണ് മത്സരം ഒരു ഫലവും ഇല്ലാതെ സമനിലയില്‍ കലാശിച്ചത്.
50 ഓവര്‍ മാത്രമാണ് മത്സരത്തില്‍ എറിയാന്‍ സാധിച്ചത്. മത്സരം നിര്‍ത്തിവെക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരായിരുന്നു ക്രീസില്‍.
സച്ചിന്‍ ബേബി നയിക്കുന്ന കേരളത്തിന് ഇപ്പോള്‍ ഏഴ് പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതാണ് കേരളത്തിന് ഗുണം ചെയ്തത്. കരുത്തരായ ബംഗാളിനെ പോലും മറികടന്നാണ് കേരളത്തിന്റെ കുതിപ്പ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും നേടിയ ഹരിയാന 10 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്.
പോയിന്റ് പട്ടികയിലെ മറ്റ് ടീമുകള്‍:
ഹരിയാന - 10 പോയിന്റ്
കേരളം - ഏഴ്് പോയന്റ്
ബംഗാള്‍ - 6 പോയിന്റ്
ഉത്തര്‍പ്രദേശ് - 4 പോയിന്റ്
ബിഹാര്‍ - 3 പോയിന്റ്
കര്‍ണാടക - 2 പോയിന്റ്
ശനിയാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ബംഗാളിനെതിരായ മത്സരമാണ് കേരളത്തിന്റെ അടുത്തത്. ഈ മത്സരം ജയിക്കാനായാല്‍ രഞ്ജിയില്‍ കേരളത്തിന് നേട്ടമാകും.