പൃഥ്വി ഷായെ പുറത്താക്കി മുംബൈയും, വന്‍ ദുരന്തം
മോശം ഫിറ്റ്നസിന്റെ പേരില്‍ സ്റ്റാര്‍ ഓപ്പണര്‍ പൃഥ്വി ഷായെ അടുത്ത രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് മുംബൈ സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കി. ഒക്ടോബര്‍ 26 മുതല്‍ 29 വരെ ത്രിപുരയുമായി കളിക്കാന്‍ മുംബൈ അഗര്‍ത്തലയിലേക്ക് പോകാനിരിക്കെയാണ് പൃഥ്വിഷായ്‌ക്കെതിരെ ഈ നടപടി.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) പരിശീലകര്‍ തയ്യാറാക്കിയ രണ്ടാഴ്ചത്തെ ഫിറ്റ്നസ് പ്രോഗ്രാം പിന്തുടരാന്‍ പൃഥ്വി ഷായോട് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലായി പൃഥ്വി ഷായുടെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് യഥാക്രമം 7, 12, 1, 39 നോട്ട് ഔട്ട് എന്നിങ്ങനെയാണ് സ്‌കോര്‍.
പൃഥ്വി ഷായുടെ ശരീരത്തില്‍ 35 ശതമാനം കൊഴുപ്പുണ്ടെന്നും ടീമിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് കഠിനമായ പരിശീലനം ആവശ്യമാണെന്നും ടീം മാനേജ്‌മെന്റ് എംസിഎയെ അറിയിച്ചു.
'അവനെ ഒഴിവാക്കിയിരിക്കുന്നു, സെലക്ഷന് പരിഗണിക്കണമെങ്കില്‍ അവന്‍ പരിശീലനത്തിലേക്ക് മടങ്ങുകയും ശരീരഭാരം കുറയ്ക്കുകയും വേണം' ഒരു എംസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, അജിങ്ക്യ രഹാനെ മുംബൈ ടീമിനെ നയിക്കുന്നത് തുടരും. ത്രിപുരയ്ക്കെതിരായ മത്സരത്തിനുള്ള ടീമില്‍ ശ്രേയസ് അയ്യരും ശര്‍ദുല്‍ താക്കൂറും ഉള്‍പ്പെടുന്നു. സ്വകാര്യ കാരണങ്ങളാല്‍ മത്സരത്തിന് ലഭ്യമാകില്ലെന്ന് സൂര്യകുമാര്‍ യാദവ് എംസിഎയെ അറിയിച്ചു, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും ചെയ്തു.