ഫൈനലില്‍ വീണെങ്കിലെന്താ, കേരളത്തിന് ലഭിക്കുന്നത് കണ്ണുതള്ളുന്ന കോടികള്‍
രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയോട് സമനിലയില്‍ കുരുങ്ങി കിരീടം നഷ്ടമായെങ്കിലും കേരള ടീമിന് കോടികള്‍ സമ്മാനമായി ലഭിയ്ക്കുക. രഞ്ജിയില്‍ റണ്ണേഴ്‌സ് അപ്പായ കേരളത്തിന് മൂന്ന് കോടി രൂപയാണ് സമ്മാനത്തുക ലഭിച്ചത്.
ബിസിസിഐ ആഭ്യന്തര ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. മുന്‍പ് ഒരു കോടി രൂപയായിരുന്നു രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിച്ചിരുന്നത്.
അതെസമയം കിരീടം നേടിയ വിദര്‍ഭക്ക് അഞ്ച് കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം ഇന്നിംഗ്‌സില്‍ 37 റണ്‍സിന്റെ ലീഡ് വഴങ്ങിയതാണ് കേരളത്തിന് രണ്ട് കോടി രൂപ നഷ്ടമാക്കിയത്.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ബിസിസിഐ രണ്ട് വര്‍ഷം മുന്‍പാണ് സമ്മാനത്തുക വര്‍ദ്ധിപ്പിച്ചത്. പുരുഷ ടീമുകളുടെ സമ്മാനത്തുക 60 മുതല്‍ 300 ശതമാനം വരെയും വനിതാ ടീമുകളുടെ പ്രതിഫലം 700 ശതമാനം വരെയുമാണ് വര്‍ദ്ധിപ്പിച്ചത്.
അതെസമയം ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്തുന്ന ടീമുകള്‍ക്ക് 5.2 കോടി രൂപയാണ് സമ്മാനത്തുക. ചാംപ്യന്‍സ് ട്രോഫിയില്‍ സെമിയില്‍ കടക്കുന്ന ടീമുകള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയേക്കാള്‍ 20 ലക്ഷം രൂപയുടെ കുറവു മാത്രമേ രഞ്ജി ട്രോഫിയിലെ ചാംപ്യന്‍മാര്‍ക്കുള്ളു. വിജയിക്കുന്നവര്‍ക്ക് 20.8 കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10.4 കോടി രൂപയും ലഭിക്കും.