തിരിച്ചടിച്ച് കശ്മീര്‍, സെമി പ്രതീക്ഷയില്‍ കേരളം, രഞ്ജി നാടകീയാന്ത്യത്തിലേക്ക്
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള-ജമ്മുകശ്മീര്‍ പോരാട്ടം നാടകീയാന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സ് ലീഡ് നേടിയ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കശ്മീര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്.
ഒരു ദിനവും ഏഴ് വിക്കറ്റും അവശേഷിക്കെ 179 റണ്‍സ് ലീഡാണ് കശ്മീര്‍ സ്വന്തമാക്കിയിട്ടുളളത്. അവസാന ദിനം പെട്ടെന്ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളത്തെ പുറത്താക്കിയാല്‍ മാത്രമേ കശ്മീരിന് മത്സരം ജയിക്കാനാകൂ.
കേരളത്തിനാകട്ടെ മത്സരം സമനിലയില്‍ ആയാല്‍ തന്നെ രഞ്ജി സെമിയിലെത്താന്‍ അവസരം ഉണ്ട്. അതിനാല്‍ തന്നെ മത്സരത്തില്‍ നിലവില്‍ കേരളത്തിന് തന്നെയാണ് മേധാവിത്വം.
രണ്ടാം ഇന്നിംഗ്‌സില്‍ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ പികെ ഡോഗ്‌റയും വാദ്വാനും ആണ് കശ്മീരിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നത്. ഡോഗ്‌റ 73 റണ്‍സും വാദ് വാന്‍ 42 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിനായി നിതീഷ് എംഡി രണ്ട് വിക്കറ്റും ബാസില്‍ എന്‍പി ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ നാടകീയമായാണ് കേരളം ഒരു റണ്‍സ് ലീഡ നേടിയത്. ഒരു ഘട്ടത്തില്‍ ഒന്‍പതിന് 200 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കേരളത്തിനായി ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് നിര്‍ണ്ണായക ലീഡ് സമമാനിച്ചത്. 81 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കേരള സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മത്സരം അവസാനിക്കുമ്പോള്‍ സല്‍മാന്‍ നിസാര്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.
172 പന്തില്‍ 12 ഫോറും നാല് സിക്സും സഹിതം 112* റണ്‍സാണ്് സല്‍മാന്‍ നിസാര്‍ നേടിയത്. ബേസില്‍ തമ്പി 35 പന്ത് നേരിട്ട് 15 റണ്‍സും നേടി. ഇരുവരേയും കൂടാതെ ജലജ്് സക്സേന, നിതീഷ് എംഡി എന്നിവരാണ് കേരളത്തിനായി തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍.
ജലജ് സക്സേന 78 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 67 റണ്‍സ് നേടി. നിതീഷ് 30 റണ്‍സും സ്വന്തമാക്കി. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ 29 റണ്‍സുമെടുത്തു. കശ്മീരിനായി ആഖിബ് നബി 27 ഓവറില്‍ 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. യുദ്വീര്‍ സിംഗും സാഹിര്‍ ലോത്രയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.