നെയ്‌മർക്കു വേണ്ടി റാഫിന്യ പകരം ചോദിച്ചു, ഇതാണ് ബ്രസീലിയൻ താരങ്ങളുടെ ഒത്തൊരുമ
ബാഴ്‌സലോണയിൽ നിന്നും അപ്രതീക്ഷിത ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അവിടുത്തെ നാളുകൾ ഒട്ടും സുഖകരമായിരുന്നില്ല. പരിക്കുകൾ വേട്ടയാടിയപ്പോഴും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പെരുമാറ്റത്തിലെ പ്രശ്‌നങ്ങൾ താരത്തിന് വിനയായിരുന്നു.ഒടുവിൽ പിഎസ്‌ജി ആരാധകരുടെ കടുത്ത അധിക്ഷേപം ഏറ്റുവാങ്ങിയാണ് താരം ക്ലബ് വിട്ടത്.
പിഎസ്‌ജിയോട് നേർക്കുനേർ നിന്ന് പകരം വീട്ടാൻ നെയ്‌മർക്ക് ഒരവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രസീലിയൻ സഹതാരമായ റാഫിന്യ അത് നടപ്പിലാക്കി. ബാഴ്‌സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജിയുടെ മൈതാനത്ത് വിജയം നേടിയ മത്സരത്തിൽ നെയ്‌മറെ അധിക്ഷേപിച്ച പിഎസ്‌ജി ആരാധകരെ നിശ്ശബ്ദരാക്കി രണ്ടു ഗോളുകൾ നേടിയത് റാഫിന്യയാണ്.
മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയതിനു ശേഷം നെയ്‌മറുടെ സെലിബ്രെഷൻ പുറത്തെടുത്താണ് റാഫിന്യ പിഎസ്‌ജി ആരാധകരെ കേറി ചൊറിഞ്ഞത്. ആ സെലിബ്രെഷന്റെ ചിത്രം ബാഴ്‌സലോണ ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ നെയ്‌മർ അതിനു കമന്റ് ചെയ്യുകയുമുണ്ടായി. തനിക്ക് വേണ്ടി റാഫിന്യ പിഎസ്‌ജി ആരാധകർക്ക് മുന്നിൽ നടത്തിയ സെലിബ്രെഷനിൽ താരം ഹാപ്പിയാണെന്ന് ആ കമന്റ് വ്യക്തമാക്കുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്‌സലോണ താരങ്ങളെ തളർത്താൻ പിഎസ്‌ജി അൽട്രാസ് ശ്രമിച്ചിരുന്നു. എന്നാൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾക്കെതിരെ വിധ്വേഷം തുപ്പിയ അവർക്ക് ബാഴ്‌സലോണയെയും റാഫിന്യയെയും തളർത്താൻ കഴിഞ്ഞില്ല. എന്തായാലും നെയ്‌മർക്ക് വേണ്ടി റാഫിന്യ പ്രതികാരം ചെയ്‌തത് ബ്രസീലിയൻ താരങ്ങൾ തമ്മിലുള്ള ഒത്തൊരുമയെ വ്യക്തമാക്കുന്നു.