തെരുവിലും അതിക്രമം തുടർന്ന് ഇംഗ്ലീഷ് ആരാധകർ; രാഷ്‌ഫോർഡ് ഛായാചിത്രം തകർത്തു
യൂറോ ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലീഷ് ടീമിലെ കറുത്ത വർഗ്ഗക്കാരായ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം തുടരുന്നു. ഏറ്റവുമൊടുവിൽ മാഞ്ചസ്റ്ററിലെ തെരുവിൽ പ്രദര്ശിപ്പിക്കപ്പെട്ട മാർക്കസ് റാഷ്‌ഫോർഡിന്റെ ഛായാചിത്രം തകർക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് റാഷ്‌ഫോഡ്.
പെനാൽറ്റി ഷൂട്ടൗട്ടിൽ അവസരം നഷ്ടപ്പെടുത്തിയ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നീ യുവതാരങ്ങൾക് നേരെ ഇംഗ്ലീഷ് ഫാൻപേജുകളിൽ വ്യാപകമായ വംശീയാക്രമണം നടന്നുവരുന്നതിനിടെയാണ് സംഭവം.
വിത്തിങ്ടൺ വോൾസ് എന്ന കമ്മ്യൂണിറ്റി പ്രൊജക്ടുമായി ചേർന്ന് അക്സെ എന്ന സ്ട്രീറ്റ് ആർട്ടിസ്റ് വരച്ചതാണ് റാഷ്‌ഫോഡിന്റെ ഛായാചിത്രം. സംഭവം വേദനയുളവാക്കുന്നതാണെന്നും എന്തുവിലകൊടുത്തും ചിത്രം പുനഃസ്ഥാപിക്കുമെന്നും വിത്തിങ്ടൺ വോൾസ് കോ-ഫൗണ്ടർ എഡ് വെല്ലാഡ് പ്രതികരിച്ചു.
അതിനിടെ വംശീയവാദികൾക്ക് വളം വച്ചുകൊടുക്കുന്നത് ഇംഗ്ലണ്ടിലെ രാഷ്ട്രീയ നേതൃത്വം തന്നെയാണെന്ന ആരോപണവുമായി മുൻ മാഞ്ചസ്റ്റർ ഇതിഹാസം ഗാരി നെവിൽ രംഗത്തെത്തി. മത്സരത്തിൽ കറുത്തവർഗക്കാർ നേരിടുന്ന അക്രമങ്ങൾക്കെതിരെ ബോധവത്കരണത്തിനായി കളിക്കാർ മുട്ടുകുത്തി പ്രതിഷേധിക്കുമ്പോൾ വെംബ്ലിയിൽ കൂട്ടകൂവൽ ഉയർന്നിരുന്നു.
ഫുട്ബോൾ ലോകം ഇംഗ്ലീഷ് കാണികൾക്കെതിരെ കടുത്ത എതിർപ്പ് ഉയർത്തുമ്പോഴും, ഈ സംഭവത്തെ ന്യായീകരിച്ചു ബോറിസ് ജോൺസന്റെ കീഴിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയക്കാർ രംഗത്തുവന്നിരുന്നതായി നെവിൽ ചൂണ്ടിക്കാണിക്കുന്നു. വംശീയാക്രമണം ഒരു യാഥാർഥ്യമാണെന്ന് ബോധ്യമായ നിലക്ക് ഇനിയെങ്കിലും രാഷ്ട്രീയക്കാർ തിരുത്തുമോ എന്നാണ് നെവിലിന്റെ ചോദ്യം.
എന്തായാലും വൈകിയാണെങ്കിലും ബോറിസ് ജോൺസണും, വില്യം രാജകുമാരനുമടക്കമുള്ള പ്രമുഖർ സംഭവത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.
നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരമാണ് ഗോൾ കീപ്പർ ഡോണാരുമ്മയുടെ മികവിൽ അസൂറികൾ വിജയിച്ചത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ടിന്റെ യുവനിരക്ക് സമ്മർദ്ധം അതിജീവിക്കാനായില്ല.
19 കാരനായ ബുകായോ സാക ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ്. ജേഡൻ സാഞ്ചോയ്ക്കും, രാഷ്‌ഫോർഡിനും, യഥാക്രമം ഇരുപത്തിയൊന്നും, ഇരുപത്തിമൂന്നും മാത്രമാണ് പ്രായം. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ താരങ്ങളുടെ വംശീയമായ പശ്ചാത്തലത്തെ രൂക്ഷമായി പരിഹസിച്ചും, കുറ്റപെടുത്തിയുമാണ് ഇംഗ്ലീഷ് ആരാധകർ ആക്രമണം തുടരുന്നത്.
താരങ്ങൾക്കെതിരെയുള്ള ആക്രമണത്തെ എന്തായാലും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ അപലപിച്ചിട്ടുണ്ട്.
"വംശീയാധിക്ഷേപങ്ങൾക്ക് വിരാമമിടാൻ ഉദ്ദേശിച്ചാണ് കഠിനമായ സമയത്തും യൂറോ തുടങ്ങിയത്. ഫൈനൽ മത്സരത്തിന് മുൻപ് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ചെറുപ്പക്കാരാണ് താരങ്ങൾ. അതിനാൽ തന്നെ താരങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം ഇത്തരത്തിൽ പ്രചാരണം നടത്തിയവരെ ഏറ്റവും കടുത്ത ശിക്ഷക്ക് വിധേയരാക്കുകയും ചെയ്യും - ഇങ്ങനെയായിരുന്നു ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ പ്രസ്താവന.