ടെസ്റ്റ് ടീമിലേക്ക് റാഷിദ് ഖാന്റെ തിരിച്ചുവരവ്, തകര്‍പ്പന്‍ ടീമുമായി അഫ്ഗാന്‍
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഡിസംബര്‍ 26 ന് ബുലവായോയില്‍ ആരംഭിക്കുന്ന സിംബാബ്വെയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിലാണ് റാഷിദ് ഖാന്‍ ഇടംപിടിച്ചത്.
പുതിയ പ്രതിഭകളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി പുതുമുഖ താരങ്ങളും ടീമിലിടം പിടിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള ഇടംകൈയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സിദ്ദീഖുള്ള അറ്റല്‍ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടി. അഹമ്മദ് ഷാ അബ്ദാലി, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മീഡിയം ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇസ്മത്ത് അലവും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി.
ഇടംകൈയ്യന്‍ സ്പിന്നര്‍ സാഹിര്‍ ഷെഹ്സാദ്, ഇടംകൈയ്യന്‍ പേസര്‍ ബഷീര്‍ അഹമ്മദ് അഫ്ഗാന്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സാഹിറിന് ടീമില്‍ ഇടം നേടിക്കൊടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17.36 ശരാശരിയില്‍ 30 വിക്കറ്റുകള്‍ വീഴ്ത്തിയ ബഷീറും ശ്രദ്ധേയനായി.
പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ്, ഇടംകൈയ്യന്‍ പേസര്‍ ഫരീദ് അഹമ്മദ് മാലിക്, ടോപ് ഓര്‍ഡര്‍ ബാറ്റര്‍ റിയാസ് ഹസന്‍ എന്നിവരുള്‍പ്പെടെ ഏഴ് പുതുമുഖങ്ങളാണ് ടീമിലുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ ഇവര്‍ ഉണ്ടായിരുന്നെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ അരങ്ങേറ്റം നടത്താന്‍ സാധിച്ചിരുന്നില്ല.
സിംബാബ്വെ ടെസ്റ്റുകള്‍ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീം: ഹാഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മത്ത് ഷാ (വൈസ് ക്യാപ്റ്റന്‍), ഇക്രം അലിഖേല്‍ (വിക്കറ്റ് കീപ്പര്‍), അഫ്സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), റിയാസ് ഹസന്‍, സെഡിഖുള്ള അറ്റല്‍, അബ്ദുള്‍ മാലിക്, ബഹീര്‍ ഷാ മെഹബൂബ്, ഇസ്മത്ത് അലം, അസ്മത്തുള്ള ഒമര്‍സായ്, സാഹിര്‍ ഖാന്‍, സിയാ ഉര്‍ റഹ്മാന്‍ അക്ബര്‍, സാഹിര്‍ ഷെഹ്സാദ്, റാഷിദ് ഖാന്‍, യാമിന്‍ അഹമ്മദ്സായ്, ബഷീര്‍ അഹമ്മദ് അഫ്ഗാന്‍, നവീദ് സദ്രാന്‍, ഫരീദ് അഹമ്മദ് മാലിക്.
റിസര്‍വ്: നാസര്‍ ജമാല്‍, സിയാ ഉര്‍ റഹ്മാന്‍ ഷെരീഫി, ഇബ്രാഹിം അബ്ദുള്‍ റഹിംസായ്.