ചരിത്രമെഴുതി റാഷിദ് ഖാന്‍, നിര്‍ണ്ണായക നേട്ടം സ്വന്തമാക്കി
ഐപിഎല്ലില്‍ ചരിത്ര നേട്ടവുമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ (ജിടി) സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ വേഗതയേറിയ ബൗളറായി അഫ്ഗാന്‍ താരം മാറി.
പഞ്ചാബ് കിംഗ്സിന്റെ ഇന്നിംഗ്സിലെ ഏഴാം ഓവറിലാണ് റാഷിദിന്റെ ചരിത്ര നേട്ടം പിറന്നത്. പഞ്ചാബ് കിംഗ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ റാഷിദ് പുറത്താക്കിയതോടെയാണ് ഈ നേട്ടം റാഷിദിനെ തേടിയെത്തിയത്.
റാഷിദിന്റെ പന്തില്‍ തെറ്റായ ഷോട്ട് കളിച്ച ആര്യയുടെ ക്യാച്ച് സായ് സുദര്‍ശന്‍ പൂര്‍ത്തിയാക്കിയതോടെ റാഷിദ് 150-ാം ഐപിഎല്‍ വിക്കറ്റ് സ്വന്തമാക്കി.
122 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് ഈ നേട്ടം കൈവരിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ മാത്രം ബൗളറാണ് റാഷിദ്. ലസിത് മലിംഗ (105 മത്സരങ്ങള്‍), യുസ്വേന്ദ്ര ചാഹല്‍ (118 മത്സരങ്ങള്‍) എന്നിവര്‍ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം വേഗത്തില്‍ കൈവരിച്ചത്.
ഐ.പി.എല്ലില്‍ 150 വിക്കറ്റുകള്‍ വേഗത്തില്‍ നേടിയവര്‍:
- ലസിത് മലിംഗ - 105 മത്സരങ്ങള്‍
- യുസ്വേന്ദ്ര ചാഹല്‍ - 118 മത്സരങ്ങള്‍
- റാഷിദ് ഖാന്‍ - 122 മത്സരങ്ങള്‍
- ജസ്പ്രീത് ബുംറ - 124 മത്സരങ്ങള്‍
- ഡ്വെയ്ന്‍ ബ്രാവോ - 137 മത്സരങ്ങള്‍
- ഭുവനേശ്വര്‍ കുമാര്‍ - 138 മത്സരങ്ങള്‍