ഞാനുളളിടത്തോളം ഇന്ത്യയ്ക്ക് ഇത് സംഭവിക്കുമെന്ന് വിചാരിച്ചില്ല, നിരാശ പരസ്യമാക്കി ജഡേജ
മുംബൈയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും, പരമ്പര നഷ്ടമായതിന്റെ നിരാശയിലാണ് താരം. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റതിന്റെ ഞെട്ടലിലാണ് ജഡേജ.
'ഇന്ത്യക്കായി കളിക്കുന്നിടത്തോളം കാലം സ്വന്തം നാട്ടില്‍ ഒരു പരമ്പര പോലും തോല്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അത് സംഭവിച്ചു,' ജഡേജ പറഞ്ഞു.
എന്നിരുന്നാലും, ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടീം മുന്നോട്ട് പോകണമെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.
ജഡേജയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ കരുത്തില്‍ ന്യൂസിലന്‍ഡിനെ 235 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. വാഷിംഗ്ടണ്‍ സുന്ദറും നാല് വിക്കറ്റുകള്‍ വീഴ്ത്തി.
പിച്ചില്‍ സ്പിന്‍ മികച്ച പിന്തുണ നല്‍കിയതിനാല്‍ കിവീസ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാര്‍.
പൂനെ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ന്യൂസിലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ മിച്ചല്‍ സാന്റ്‌നറിന് പകരം ഇഷ് സോധിയും, ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി.