സിറാജിനെ പുറത്താക്കി, മെഗാലേലത്തില്‍ ആര്‍സിബി വാങ്ങേണ്ട താരങ്ങളുടെ പട്ടികയുമായി എബിഡി
ഐപിഎല്‍ പുതിയ സീസണിനായി നടക്കേണ്ട മെഗാ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏതൊക്കെ താരങ്ങളെ ലക്ഷ്യമിടണമെന്ന ഉപദേശവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ആര്‍സിബി ഇതിഹാസവുമായ എബി ഡിവില്ലിയേഴ്സ്. മെഗാ ലേലത്തില്‍ ആര്‍സിബിയുടെ ഉയര്‍ന്ന ലേല തുക (83 കോടി രൂപ) അവര്‍ക്ക് ഒരു നേട്ടമാകുമെന്ന് ഡിവില്ലിയേഴ്സ് വിലയിരുത്തുന്നു.
'ലോകോത്തര സ്പിന്നറെയാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു യുസി (യുസ്വേന്ദ്ര ചഹല്‍) തിരികെ കൊണ്ടുവരിക. അവന്‍ ഒരിക്കലും ആര്‍സിബി വിട്ട് പോകരുതായിരുന്നു' ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ചഹല്‍, കാഗിസോ റബാഡ, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ആര്‍സിബി ലേലത്തില്‍ ലക്ഷ്യമിടേണ്ട നാല് കളിക്കാരെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
'അശ്വിനെ എനിക്ക് ശരിക്കും ഇഷ്ടമാണ്. എല്ലാ അനുഭവവുമുളള അദ്ദേഹത്തില്‍ നിന്ന് നമുക്ക് എന്താണ് ലഭിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ബാറ്റിംഗിലൂടെയും അദ്ദേഹത്തിന് നിങ്ങള്‍ക്ക് ഗെയിമുകള്‍ നേടിക്കൊടുക്കാന്‍ കഴിയും. ആര്‍ആറില്‍ (രാജസ്ഥാന്‍ റോയല്‍സ്) നിന്നുള്ള ഇരട്ട സ്പിന്നര്‍മാരെ നമുക്ക് ആര്‍സിബിയില്‍ ലഭിക്ക്ുന്നതായി ഒന്ന് സങ്കല്‍പ്പിക്കുക' ഡിവില്ലിയേഴ്സ് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ടീമിലെ തന്റെ സഹതാരം ആയ കാഗിസോ റബാഡയ്ക്കും ഡിവില്ലിയേഴ്സ് പിന്തുണ പ്രഖ്യാപിച്ചു, പേസറെ ലക്ഷ്യമിടാന്‍ ആര്‍സിബിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
'ദയവായി കാഗിസോ റബാഡയെ സ്വന്തമാക്കുക. കാഗിസോ റബാഡ, യുസി ചഹല്‍ എന്നിവരെ സ്വന്തമാക്കിയ ശേഷം നമുക്ക് അശ്വിനെക്കുറിച്ച് ചിന്തിക്കാം. ഈ മൂന്ന് പേരെയും നമുക്ക് ലഭിച്ചാല്‍ അത് മറ്റൊരു ലെവലാകും. ടൂര്‍ണമെന്റ് നേടാന്‍ കഴിയുന്ന ഒരു ബൗളിംഗ് ആക്രമണത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്' ഡിവില്ലിയേഴ്സ് പറഞ്ഞു.
'ഇവരാണ് എന്റെ മുന്‍ഗണന നല്‍കുന്ന നാല് കളിക്കാര്‍. ഞാനായിരുന്നെങ്കില്‍ എന്റെ മുഴുവന്‍ പണവും ഞാന്‍ അവരില്‍ ചെലവഴിക്കും. ചഹല്‍, റബാഡ, ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍. റബാഡയെ ലഭിച്ചില്ലെങ്കില്‍ മുഹമ്മദ് ഷമിയെയോ അര്‍ഷ്ദീപ് സിങ്ങിനെയോ ലക്ഷ്യമിടുക' ഡിവില്ലിയേഴ്സ് പറഞ്ഞു. എന്നാല്‍ തന്റെ സഹതാരമായിരുന്ന മുഹമ്മദ് സിറാജിനെ കുറിച്ച് ഒരക്ഷരം മിണ്ടാല്‍ ഡിവില്ലേഴ്‌സ് തയ്യാറായില്ല.
83 കോടി രൂപയുടെ ലേലത്തുകയും മൂന്ന് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡുകളുമായാണ് ആര്‍സിബി ലേലത്തിനിറങ്ങുന്നത്. വിരാട് കോഹ്ലി, രജത് പാട്ടിദാര്‍, യമവെ ദയാല്‍ എന്നിവരെ അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്.
നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ വെച്ചാണ് ഐപിഎല്‍ 2025 മെഗാ ലേലം നടക്കുന്നത്.