ഈഡനില്‍ 'എമ്പുരാന്‍' അവതരിച്ചു, ചാമ്പ്യന്മാരെ തകര്‍ത്ത് ആര്‍സിബി തുടങ്ങി
ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. എട്ട് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ തന്നെ ആര്‍സിബി അടിച്ചെടുത്തു.
ആര്‍സിബിയുടെ വിജയത്തില്‍ വിരാട് കോഹ്ലിയും ഫില്‍ സാള്‍ട്ടും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. കോഹ്ലി 59 റണ്‍സുമായി പുറത്താകാതെ നിന്നു. 31 പന്തുകളില്‍ 56 റണ്‍സാണ് ഫില്‍ സാള്‍ട്ട് അടിച്ചത്. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ 34 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആര്‍സിബിയുടെ തീരുമാനം ശരിവെക്കുന്ന ബൗളിംഗ് പ്രകടനമാണ് പിന്നീട് കാണാനായത്. കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയുടെ അര്‍ധ സെഞ്ച്വറി (31 പന്തില്‍ 54 റണ്‍സ്) മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ എടുത്തുപറയേണ്ട പ്രകടനം. സുനില്‍ നരെയ്ന്‍ 26 പന്തില്‍ 44 റണ്‍സ് നേടി. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. അംഗ്രിഷ് രഘുവംശിയുടെ (30) ഇന്നിംഗ്സ് മാത്രമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 170 കടത്താന്‍ സഹായിച്ചത്.
ആര്‍സിബി ബൗളര്‍മാരില്‍ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ശ്രദ്ധേയമായി. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റുകളും റാഷിക് സലാം, സുയാഷ് ശര്‍മ്മ, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.