എംബാപ്പെയ്‌ക്കെതിരെ ലൈംഗിക പീഡാനാരോപണം, സൂപ്പര്‍ താരവും അന്വേഷണമുനയില്‍
ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെക്കെതിരെ ലൈംഗിക പീഡനാരോപണവുമായി യുവതി രംഗത്ത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഒക്ടോബര്‍ 10 ന് ബാങ്ക് ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. എംബാപ്പെയും സുഹൃത്തുക്കളും ഈ ഹോട്ടലിലായിരുന്നു താമസം.
സ്വീഡിഷ് പ്രോസിക്യൂട്ടര്‍ പരാതി സ്ഥിരീകരിച്ചു. എക്‌സ്പ്രസ്സെന്‍, അഫ്‌തോന്‍ബ്ലേഡറ്റ് എന്നീ സ്വീഡിഷ് പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ക്രിമിനല്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സ്വീഡന്‍ പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ എംബാപ്പെയുടെ പേര് അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സംഭവത്തെത്തുടര്‍ന്ന് എംബാപ്പെയും സംഘവും സ്റ്റോക്ക്‌ഹോമില്‍ നിന്ന് മടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വൈദ്യസഹായം തേടിയ ശേഷമാണ് ഇര പരാതി നല്‍കിയത്. എ.എഫ്.പി വാര്‍ത്ത ഏജന്‍സി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍, സ്വീഡിഷ് മാധ്യമ വാര്‍ത്തകള്‍ വ്യാജമാണെന്ന് എംബാപ്പെ പ്രതികരിച്ചു. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും എംബാപ്പെയുടെ മീഡിയ ടീം ആരോപിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
റയല്‍ മാഡ്രിഡ് ക്ലബ്ബും എംബാപ്പെയെ പിന്തുണച്ചിട്ടുണ്ട്. വാര്‍ത്തകള്‍ വ്യാജമാണെന്ന് ക്ലബ്ബിന് ഉറപ്പുണ്ടെന്നും ആര്‍.എം.സി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പി.എസ്.ജി ഇപ്പോഴും കരാര്‍ തുക നല്‍കാനുണ്ട്. ഏകദേശം 500 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് താരം അവകാശപ്പെടുന്നത്. ഈ വിഷയത്തില്‍ താരം യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു.