മെസി ഗോളും വിവാദമായ ഗോൾ നിഷേധിക്കലും, റയൽ മാഡ്രിഡിന്റെ മത്സരത്തിൽ സംഭവിച്ചതെന്ത്
ഒരിടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തിരിച്ചു വന്നപ്പോൾ ഇന്നലെ ടൂർണമെന്റിലെ രാജാക്കന്മാരായ റയൽ മാഡ്രിഡും കളത്തിലിറങ്ങിയിരുന്നു. ജർമൻ ക്ലബായ ആർബി ലീപ്‌സിഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഇതോടെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ റയൽ മാഡ്രിഡ് സജീവമാക്കി.
മത്സരത്തിന്റെ ആദ്യപകുതിയിൽ റയൽ മാഡ്രിഡിനെ പിടിച്ചുകെട്ടാൻ ലീപ്‌സിഗിനു കഴിഞ്ഞിരുന്നു. എന്നാൽ നാല്പത്തിയെട്ടാം മിനുട്ടിൽ റയൽ മാഡ്രിഡ് മത്സരത്തിലെ വിജയഗോൾ നേടി. ബോക്‌സിന് പുറത്തു നിന്നും മുന്നേറി മൂന്നു ലീപ്‌സിഗ് താരങ്ങളെ മറികടന്നു കൊണ്ട് ബ്രഹിം ഡയസ് എടുത്ത മനോഹരമായ ഷോട്ട് ജർമൻ ക്ലബിന്റെ വല കുലുക്കുകയായിരുന്നു.
മത്സരത്തിൽ വിവാദവും ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീപ്‌സിഗ് ഒരു ഗോൾ നേടിയിരുന്നു. എന്നാൽ അത് വീഡിയോ റഫറി ഓഫ്‌സൈഡ് വിധിച്ചു. ഗോൾ നേടിയ താരം ഓഫ്‌സൈഡ് പൊസിഷനിൽ അല്ലെന്നു ദൃശ്യങ്ങളിൽ വ്യക്തമായിരുന്നിട്ടും റഫറി ഗോൾ നിഷേധിച്ചതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണമായത്.
എന്നാൽ അതിന്റെ കാരണം പിന്നീട് വ്യക്തമായിരുന്നു. ആ ഗോളിലേക്കുള്ള പാസ് വന്ന സമയത്ത് ഒരു ലീപ്‌സിഗ് താരം ഓഫ്‌സൈഡ് പൊസിഷനിൽ നിന്നും റയൽ മാഡ്രിഡ് ഗോൾകീപ്പറെ തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആ താരം കളിയിൽ ഇടപെട്ടുവെന്ന കാരണം കൊണ്ടാണ് അത് ഓഫ്‌സൈഡായി വീഡിയോ റഫറി വിലയിരുത്തിയത്.
എന്നാൽ ഇതുപോലെ സൂക്ഷ്‌മമായ വാർ പരിശോധന റയൽ മാഡ്രിഡിന് മാത്രമേ ബാധകമാകൂവെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇത്രയും കൃത്യതയോടെയുള്ള വിലയിരുത്തൽ റയൽ മാഡ്രിഡിന് എതിരെ കളിക്കുന്ന ടീമിന് അനുകൂലമായ തീരുമാനങ്ങൾ വരുമ്പോൾ ഉണ്ടാകില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.