For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യയ്ക്കായി കളിക്കാനാകില്ലെന്ന റിയാലിറ്റി തിരിച്ചറിഞ്ഞു, വിരമിക്കാന്‍ തീരുമാനിച്ചു, സൂപ്പര്‍ താരത്തിന്റെ നിര്‍ണ്ണായക തീരുമാനം

10:14 AM Jun 06, 2025 IST | Fahad Abdul Khader
Updated At - 10:14 AM Jun 06, 2025 IST
ഇന്ത്യയ്ക്കായി കളിക്കാനാകില്ലെന്ന റിയാലിറ്റി തിരിച്ചറിഞ്ഞു  വിരമിക്കാന്‍ തീരുമാനിച്ചു  സൂപ്പര്‍ താരത്തിന്റെ നിര്‍ണ്ണായക തീരുമാനം

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവും ഗുജറാത്തിന്റെ മുന്‍ നായകനുമായ പ്രിയാങ്ക് പാഞ്ചല്‍ രണ്ടാഴ്ച്ച മുമ്പാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 17 വര്‍ഷം നീണ്ടുനിന്ന അവിസ്മരണീയ കരിയറിനാണ് 35-ാം വയസ്സില്‍ അദ്ദേഹം തിരശ്ശീലയിട്ടത്. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും വര്‍ഷങ്ങളോളം മിന്നും പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ജേഴ്‌സി അണിയാന്‍ ഭാഗ്യം ലഭിക്കാതെ പോയ അമോല്‍ മജുംദാര്‍, മിഥുന്‍ മന്‍ഹാസ് തുടങ്ങിയവരുടെ നിരയിലേക്കാണ് പാഞ്ചലും നടന്നുകയറുന്നത്.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയാണ് പാഞ്ചലിന് പലപ്പോഴും മടങ്ങേണ്ടി വന്നത്. 2021-22ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ടീമില്‍ ഇടംപിടിച്ചതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. അന്ന് വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

Advertisement

ഇന്ത്യന്‍ കുപ്പായം അണിയാന്‍ കഴിഞ്ഞില്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പോരാളികളില്‍ ഒരാളായാണ് പ്രിയാങ്ക് പാഞ്ചല്‍ ഓര്‍മ്മിക്കപ്പെടുക.

'യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീരുമാനം'

Advertisement

വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം തന്റെ കരിയറിനെക്കുറിച്ച് പാഞ്ചല്‍ മനസ്സുതുറന്നു. 'വിരമിക്കാനുള്ള തീരുമാനം കുറച്ചുകാലമായി എന്റെ മനസ്സിലുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കണം എന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു എന്റെ കരിയറിന്റെ പ്രേരകശക്തി. അതിനായി ഞാന്‍ അച്ചടക്കത്തോടെ കഠിനാധ്വാനം ചെയ്തു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചു തുടങ്ങി, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ എനിക്കിനി സാധിക്കില്ലെന്ന് തോന്നി. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഇന്ത്യ എ ടീമിനായും രഞ്ജി ട്രോഫിയിലും കളിച്ചു. പക്ഷെ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതാണ് ശരിയായ സമയം എന്ന് ഞാന്‍ തീരുമാനിച്ചു' പാഞ്ചല്‍ പറഞ്ഞു.

ഗുജറാത്തിന്റെ സുവര്‍ണ്ണ നായകന്‍

Advertisement

ഗുജറാത്ത് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് പ്രിയാങ്ക് പാഞ്ചല്‍ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ നായകത്വത്തിലാണ് 2016-17 സീസണില്‍ ഗുജറാത്ത് തങ്ങളുടെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കുന്നത്. തൊട്ടുമുന്‍പത്തെ വര്‍ഷം ടീമിനെ വിജയ് ഹസാരെ ട്രോഫി വിജയത്തിലേക്കും അദ്ദേഹം നയിച്ചു. 2014-15 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ ടീമിലും പാഞ്ചല്‍ അംഗമായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗുജറാത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (23) നേടിയ താരം പാഞ്ചലാണ്. ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനും അദ്ദേഹം തന്നെ. പാര്‍ത്ഥിവ് പട്ടേല്‍ മാത്രമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്. 127 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 29 സെഞ്ച്വറികളും 34 അര്‍ദ്ധസെഞ്ച്വറികളുമടക്കം 8,856 റണ്‍സാണ് പാഞ്ചലിന്റെ സമ്പാദ്യം. 97 ലിസ്റ്റ്-എ മത്സരങ്ങളും 59 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

കേരളത്തിനെതിരെ അവസാന പോരാട്ടം

2024-25 രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെയായിരുന്നു പ്രിയാങ്ക് പാഞ്ചലിന്റെ കരിയറിലെ അവസാന മത്സരം. ആ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പാഞ്ചല്‍ 148 റണ്‍സ് നേടിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ വീരോചിതമായ ഇന്നിംഗ്‌സിനും ഗുജറാത്തിനെ ഫൈനലിലെത്തിക്കാനായില്ല. കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഗുജറാത്ത് ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു.

Advertisement