എന്തിന് ജയ്‌സ്വാളിനെ പുറത്താക്കി, ആ കാരണം പറഞ്ഞ് ഗംഭീര്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ, കഴിഞ്ഞ ദിവസമാണല്ലോ ഇന്ത്യയുടെ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന ടീമില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി, പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുത്തത് വലിയ സര്‍പ്രൈസ് ആകുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനുള്ള കഴിവാണ് വരുണിനെ ടീമിലെത്തിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു.
'മധ്യ ഓവറുകളില്‍ നന്നായി പന്തെറിയാനും വിക്കറ്റുകള്‍ വീഴ്ത്താനും അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ഗംഭീര്‍ പറഞ്ഞു. 'ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി തീര്‍ച്ചയായും ഒരു വലിയ ഭീഷണിയായിരിക്കും' ഗംഭീര്‍ പറഞ്ഞു.
ട്വന്റി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വരുണ്‍, ഏകദിനത്തിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ പരമ്പരയിലെ താരമായിരുന്നു.ജയ്സ്വാളിനെ പുറത്താക്കിയത് പലരെയും അത്ഭുതപ്പെടുത്തിയെങ്കിലും, ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് ഗംഭീര്‍ വ്യക്തമാക്കി.
'ടീമിന്റെ വിജയത്തിന് ആവശ്യമായ കാര്യങ്ങള്‍ അടിസ്ഥാനമാക്കി, ശരിയായ സ്ഥാനങ്ങളിലേക്ക് ശക്തരായ കളിക്കാരെ തിരഞ്ഞെടുക്കും,' അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിന്ന് മുന്‍നിര ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ അഭാവവും ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തെ റിസര്‍വ് കളിക്കാരനായി മാത്രമേ തിരഞ്ഞെടുത്തുള്ളൂ. ബുംറയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയതും ചര്‍ച്ചാവിഷയമാണ്.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 23 ന് പാകിസ്ഥാനെയും മാര്‍ച്ച് 2 ന് ന്യൂസിലന്‍ഡിനെയും നേരിടും.