ഷമി പൂര്‍ണ്ണ ഫിറ്റായി, പക്ഷെ ഇന്ത്യന്‍ ടീമിലേക്ക് വേണ്ടെന്ന് തുറന്നടിച്ച് രോഹിത്ത്, കാരണമിതാണ്
പരിക്കില്‍ നിന്ന് കരകയറുന്ന മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മയുടെ 'പരിചയക്കുറവ്' എന്ന പരാമര്‍ശത്തിന് ദിവസങ്ങള്‍ക്ക് ശേഷം നെറ്റില്‍ പൂര്‍ണ്ണ വേഗതയില്‍ പന്തെറിഞ്ഞു. ബെംഗളൂരുവില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ ആദ്യ ടെസ്റ്റ് തോറ്റതിന് തൊട്ടുപിന്നാലെ, അതേ പിച്ചില്‍ ഷമി പൂര്‍ണ വേഗതയില്‍ പന്തെറിയുന്നത് കാണാന്‍ കഴിഞ്ഞു.
കളിക്കളത്തില്‍ നിന്ന് വളരെക്കാലം വിട്ടുനിന്നതിനാല്‍ ഷമിക്ക് മത്സര പരിചയം കുറവാണെന്ന് രോഹിത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഷമി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതായി ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോര്‍ണ്‍ മോര്‍ക്കല്‍ ഈ സെഷന്‍ സൂക്ഷ്മമായി നിരീക്ഷക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഷമി തിരിച്ചെത്തുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. 2023 നവംബര്‍ 19 ന് നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഈ വര്‍ഷം ആദ്യം കണങ്കാലിന് ശസ്ത്രക്രിയ നടത്തിയ ഷമി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ആയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ഷമി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024 നവംബറിനും 2025 ജനുവരിക്കും ഇടയില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.
ഷമി ഫിറ്റ് ആണെങ്കില്‍ പോലും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ദിവസം പറഞ്ഞത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. കളിക്കളത്തില്‍ നിന്ന് വളരെക്കാലം വിട്ടുനിന്നതിനാല്‍ ഷമിക്ക് മത്സര പരിചയം കുറവാണെന്നതാണ് ഷമിയെ ഒഴിവാക്കാനുളള കാരണമായി രോഹിത്ത് പറഞ്ഞത്.
'സത്യം പറഞ്ഞാല്‍, ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടി വന്നു, മുട്ടില്‍ നീരും ഉണ്ടായിരുന്നു. അത് അദ്ദേഹത്തെ അല്‍പ്പം പിന്നോട്ടാക്കി, വീണ്ടും തുടങ്ങേണ്ടി വന്നു. ഡോക്ടര്‍മാര്‍ക്കും ഫിസിയോകള്‍ക്കുമൊപ്പം അദ്ദേഹം എന്‍സിഎയിലാണ്. മത്സര പരിചയമില്ലാത്ത ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' രോഹിത് പറഞ്ഞു.
'അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ വക്കിലായിരുന്നു, ഏകദേശം 100 ശതമാനത്തോളം എത്തിയിരുന്നു, പക്ഷേ മുട്ടില്‍ നീര് വന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കലിനെ അല്‍പ്പം പിന്നോട്ടാക്കി. അതിനാല്‍, അദ്ദേഹത്തിന് വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നു. ഇപ്പോള്‍, അദ്ദേഹം എന്‍സിഎയിലാണ്. എന്‍സിഎയിലെ ഫിസിയോകള്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.