സ്വന്തം നേട്ടങ്ങള്‍ക്കായി കളിക്കുന്നവരെ വേണ്ട, പുതിയ ഇന്ത്യയുടെ വിജയരഹസ്യം പറഞ്ഞ് ക്യാപ്റ്റന്‍ സൂര്യ
ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവ് എന്ന പുതിയ നായകന്റെ കീഴില്‍ ഇന്ത്യ കുതിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ബംഗ്ലാദേശിനെയും 3-0 ന് തൂത്തുവാരി ഇന്ത്യന്‍ ടീം വീണ്ടും തങ്ങളുടെ ശക്തിയും അപ്രമാധിത്യവും ഒരിക്കല്‍ കൂടി തെളിയിച്ചു.
ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ വിജയത്തിന്റെ രഹസ്യമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് മത്സര ശേഷം വ്യക്തമാക്കിയത്. ടീം നിസ്വാര്‍ത്ഥമായി കളിക്കാനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ടീം ലക്ഷ്യങ്ങള്‍ ബലികഴിപ്പിക്കാതിരിക്കാനും ശ്രമിക്കാറുണ്ടെന്നും സൂര്യ പറഞ്ഞു.
'ടീമിനാണ് എന്റെ പ്രഥമ പരിഗണന. ഓരോ കളിക്കാരനെയും ഒരുമിപ്പിച്ച് മുന്നേറുക എന്നതാണ് എന്റെ ലക്ഷ്യം. നിസ്വാര്‍ത്ഥരായ, മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്ന കളിക്കാരാണ് ടീമിന്റെ കരുത്ത്. 49 റണ്‍സായാലും 99 റണ്‍സായാലും ടീമിനാണ് പ്രാധാന്യം. ആ താരത്തിനല്ല' സൂര്യ പറഞ്ഞു.
പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റനും പരിശീലകനും നല്‍കുന്ന സ്വാതന്ത്ര്യത്തിന് നന്ദി പറഞ്ഞു. 'മത്സരം ആസ്വദിച്ചു കളിക്കാനുള്ള അവസരമാണ് അവര്‍ ഒരുക്കുന്നത്. എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണ ഫിറ്റാണ്, ദൈവാനുഗ്രഹത്താല്‍ മികച്ച പ്രകടനം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ' പാണ്ഡ്യ പറഞ്ഞു.
എന്നാല്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാന്റോ നിരാശ പ്രകടിപ്പിച്ചു. 'ഞങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ബാറ്റിംഗിലും ബൗളിംഗിലും ഞങ്ങള്‍ പരാജയപ്പെട്ടു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്.' - ഷാന്റോ പറഞ്ഞു.
ഇന്ത്യയുടെ ഈ വിജയം ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സൂര്യയുടെ നേതൃത്വത്തില്‍ ടീം ഇനിയും എത്ര ഉയരങ്ങളിലെത്തുമെന്ന് കാത്തിരുന്ന് കാണാം.