42ാം വയസ്സില്‍ എന്തിന് ഐപിഎല്‍ സാഹസം, ഒടുവില്‍ മൗനം മുറിച്ച് ആന്‍ഡേഴ്‌സണ്‍
ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. 42-കാരനായ ആന്‍ഡേഴ്‌സണ്‍ ഒരിക്കലും ഐപിഎല്ലില്‍ കളിച്ചിട്ടില്ല എന്നതാണ് ആന്‍ഡേഴ്‌സന്റെ വരവ് ശ്രദ്ധേയമായി മാറാന്‍ കാരണം.
ഇപ്പോഴിതാണ് ഐപിഎല്‍ ലേലത്തില്‍ എന്തിനാണ് താന്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ക്രിക്കറ്റിനെ സംബന്ധിച്ചുളള അറിവ് വര്‍ദ്ധിപ്പിക്കാനാണ് താന്‍ ലേലത്തില്‍ പങ്കെടുക്കുന്നതെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.
'എനിക്ക് ഇപ്പോഴും കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഒരിക്കലും ഐപിഎല്‍ കളിച്ചിട്ടില്ല, അത് അനുഭവിച്ചിട്ടില്ല. ഒരു കളിക്കാരന്‍ എന്ന നിലയില്‍ എനിക്ക് ഇനിയും ഐപിഎല്‍ കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ആന്‍ഡേഴ്‌സണ്‍ ബിബിസി റേഡിയോ 4 ടുഡേയില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗില്‍ കളിക്കുന്നതിലൂടെ ഒരു ബൗളര്‍ എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും ഒരു പരിശീലകന്‍ എന്ന നിലയില്‍ കൂടുതല്‍ അനുഭവവും അറിവും നേടാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബേണ്‍ലി എക്‌സ്പ്രസ്' എന്നറിയപ്പെടുന്ന ആന്‍ഡേഴ്‌സണ്‍ അവസാനമായി ടി20 കളിച്ചത് 2014 ഓഗസ്റ്റില്‍ ലങ്കാഷെയറിനു വേണ്ടിയാണ്. ഇംഗ്ലണ്ടിനു വേണ്ടി അവസാനമായി ടി20 കളിച്ചത് 2009 നവംബറിലാണ്.