സഞ്ജു വിട്ടു നില്‍ക്കുന്നു, നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ കൈയ്യാലപ്പുറത്ത്
പ്ലേഓഫ് സാധ്യതകള്‍ തുലാസ്സിലിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ തേടി വീണ്ടും കനത്ത തിരിച്ചടി. ടീമിന്റെ പ്രധാന ബാറ്ററും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (ആര്‍സിബി) നിര്‍ണായക മത്സരത്തിലും കളിക്കില്ല. മത്സരത്തിനായി ടീമിനൊപ്പം ബാംഗ്ലൂരിലേക്ക് സഞ്ജു യാത്ര പോലും ചെയ്തിട്ടില്ല.
ഇതോടെ സഞ്ജുവിന് പകരം റിയാന്‍ പരാഗ് ക്യാപ്റ്റനായി തുടരും. ഈ സീസണില്‍ ഇത് അഞ്ചാം തവണയാണ് റിയാന്‍ പരാഗ് ടീമിനെ നയിക്കുന്നത്.
ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ വെറും രണ്ടെണ്ണം മാത്രം ജയിച്ച രാജസ്ഥാന് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്.
വ്യാഴാഴ്ച (ഏപ്രില്‍ 24) എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സഞ്ജു, കഴിഞ്ഞ ശനിയാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ജയ്പൂരില്‍ നടന്ന മത്സരത്തിലും കളിച്ചിരുന്നില്ല. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് സഞ്ജുവിന് ബാംഗ്ലൂരിലേക്കും യാത്ര ചെയ്യാന്‍ സാധിക്കാത്തത്.
'രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിലവില്‍ പരിക്കില്‍ നിന്ന് മോചിതനായി വരികയാണ്. ടീമിന്റെ മെഡിക്കല്‍ സ്റ്റാഫിനൊപ്പം അദ്ദേഹം ഹോം ബേസില്‍ തുടരും. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി അദ്ദേഹം ആര്‍സിബിക്കെതിരായ മത്സരത്തിനായി ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യില്ല. അദ്ദേഹത്തിന്റെ പുരോഗതി ടീം മാനേജ്മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ ഓരോ മത്സരത്തെയും അടിസ്ഥാനമാക്കി തീരുമാനമെടുക്കും,' റോയല്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈ സീസണില്‍ സഞ്ജുവിന്റെ പരിക്ക് ടീമിനെ വലക്കുന്നുണ്ട്. ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംപാക്ട് സബ് ആയിട്ടാണ് അദ്ദേഹം കളിച്ചത്. അന്ന് റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടി20 മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടും സഞ്ജുവിന് പരിക്കേറ്റിരുന്നു. ഐപിഎല്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഫിറ്റാണെന്ന് അറിയിച്ചെങ്കിലും വിക്കറ്റ് കീപ്പിംഗ് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല.
ഇതുവരെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറിയോടെ 37.33 ശരാശരിയില്‍ 224 റണ്‍സാണ് സഞ്ജു നേടിയത്. നിര്‍ണായക മത്സരത്തില്‍ സഞ്ജുവിന്റെ അഭാവം രാജസ്ഥാന് വലിയ തിരിച്ചടിയാകും എന്നതില്‍ സംശയമില്ല.