ഇര്‍ഫാന്‍ പത്താനെ ഐപിഎല്‍ കമന്റേറ്റര്‍മാരുടെ സംഘത്തില്‍നിന്ന് പുറത്താക്കി
ഐപിഎല്‍ പതിനെട്ടാം സീസണിന് കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍ വിവാദങ്ങളും പിന്നാലെയെത്തുന്നു. 18-ാം സീസണിലെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍നിന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെ പുറത്താക്കിയെന്നാണ് പുറത്ത്് വരുന്ന റിപ്പോര്‍ട്ട്.
ഇതിനോടകം ക്രിക്കറ്റില്‍ കമന്റേറ്ററായും അവതാരകനായും ശ്രദ്ധ നേടിയ പത്താനെ ഐപിഎല്‍ മത്സരങ്ങളുടെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്താന്റെ അതിരുവിട്ട കമന്ററിയാണ് തഴയാന്‍ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ചില ഇന്ത്യന്‍ താരങ്ങള്‍ പരാതിയും നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യക്തിപരമായ വിമര്‍ശനം അതിരുകടന്നതോടെ, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു ഇന്ത്യന്‍ താരം പത്താനെ ഫോണില്‍ 'ബ്ലോക്ക് ചെയ്ത'തായും റിപ്പോര്‍ട്ടുകളുണ്ട്.
കളിക്കാരുടെ പരാതിയെ തുടര്‍ന്ന് കമന്റേറ്റര്‍മാരുടെ പാനലില്‍നിന്ന് പുറത്താകുന്ന ആദ്യത്തെ താരമല്ല ഇര്‍ഫാന്‍ പഠാന്‍. പ്രശസ്ത കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ജരേക്കര്‍, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരെയും മുമ്പ് ക്രിക്കറ്റ് താരങ്ങളുടെ പരാതികളെ തുടര്‍ന്ന് കമന്ററി ജോലിയില്‍നിന്ന് നേരത്തെ മാറ്റിനിര്‍ത്തിയിട്ടുണ്ട്.
അതെസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാമത് സീസണ് കൊടിയേറി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വന്‍ താരനിര തന്നെ അണിനിരന്നു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍, പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍, കരണ്‍ ഓജ്‌ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവര്‍ പങ്കെടുത്ത പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിച്ചത്.