സാക്ഷാല്‍ അര്‍ജന്റീന കേരളത്തില്‍ പന്തുതട്ടും, ആ കാത്തിരിപ്പിന് വിരാമം
കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത! ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഉടന്‍ കേരളത്തിലേക്ക് എത്തും. കായിക മന്ത്രി വി. അബ്ദുറഹിമാനും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്.
ടീമിന്റെ സന്ദര്‍ശന സമയവും വേദിയും പിന്നീട് തീരുമാനിക്കും. സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാനും സാധ്യതയുണ്ട്.
നേരത്തെ തന്നെ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷം രണ്ട് മത്സരങ്ങള്‍ക്കായി അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുമ്പ് ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നടന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഖത്തര്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെ അഭിനന്ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീമിന്റെ കേരള സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത് വലിയ ആഘോഷമാകുമെന്നുറപ്പ്.