സഞ്ജു ഈ തലമുറയുടെ താരമെന്ന് പോണ്ടിംഗ്, ഒടുവില്‍ പന്തിന്റെ മെന്ററും കാലുമാറി
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങിന്റെ തകര്‍പ്പന്‍ മറുപടി. ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ മെന്ററായി അറിയപ്പെടുന്ന പോണ്ടിംഗ് സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത് കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നത്.
'സഞ്ജു സാംസണ്‍ എന്നൊരു താരം ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എത്രപേര്‍ക്ക് അറിയാമെന്ന് എനിക്ക് ഉറപ്പില്ല. ഞാന്‍ എപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജു. അയാള്‍ ക്രീസിലെത്തുന്നതും ബാറ്റ് ചെയ്യുന്നതും ഏറെ ഇഷ്ടപ്പെടുന്നു'
പ്രമുഖ കായിക മാധ്യമമായ സ്‌കൈ സ്‌പോര്‍ട്‌സില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈനുമായി സംസാരിക്കവെയാണ് പോണ്ടിങ് സഞ്ജുവിനെ പ്രശംസിച്ചത്.
സഞ്ജുവിന്റെ പേര് മാത്രമല്ല, ഇന്ത്യന്‍ താരങ്ങളായ ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, റിഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവരുടേയും ഈ തലമുറയില്‍ താന്‍ ഏറെ ആസ്വദിച്ച് കാണുന്ന ബാറ്റര്‍മാരാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. ജോസ് ബട്‌ലറാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ പോണ്ടിങ് കാണാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെയും ബാറ്റിങ് കാണാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പോണ്ടിങ് വ്യക്തമാക്കി.
നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ പരിശീലകനാണ് പോണ്ടിംഗ്. നേരത്തെ പന്ത് ക്യാപ്റ്റനായ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരിശീലിപ്പിച്ചതും പോണ്ടിംഗ് ആയിരുന്നു.
അതെസമയം ഈ തലമുറയില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന താരമായി നാസര്‍ ഹുസൈന്‍ തിരഞ്ഞെടുത്തത് ഇന്ത്യന്‍ താരം രോഹിത് ശര്‍മയെയാണ്.
'തന്നോട് ബാറ്റിങ് എങ്ങനെയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറയും. എന്നാല്‍ രോഹിത് ശര്‍മ അനായാസം ബാറ്റ് ചെയ്യുന്നു. ഞാന്‍ കരിയറില്‍ ഓരോ ഷോട്ടും സമയമെടുത്ത് സാങ്കേതിക തികവോടെയാണ് ചെയ്തിരുന്നത്. എന്നാല്‍ രോഹിത് ശര്‍മ അയാള്‍ക്ക് ഇഷ്ടപ്പെട്ട പുള്‍ ഷോട്ട് നിരവധി തവണ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ജോ റൂട്ട് ഉള്ളതുപോലെ ലോകക്രിക്കറ്റിന്റെ താരം രോഹിത് ശര്‍മയാണ്' നാസര്‍ ഹുസൈന്‍ തുറന്ന് പറഞ്ഞു.