ഞെട്ടിച്ച് പഞ്ചാബ് കിംഗ്സ്, 2028 വരെ പോണ്ടിംഗ് ഹെഡ് കോച്ച്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെഗാ ലേലത്തിന് മുന്നോടിയായി തകര്‍പ്പന്‍ നീക്കം നടത്തി പഞ്ചാബ് കിംഗ്സ്. പുതിയ സീസണിലേക്ക് മുഖ്യ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഏഴ് വര്‍ഷത്തെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ബന്ധം അവസാനിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പോണ്ടിംഗ് പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നത്. 2028 കാലയളവില്‍ വരെ പോണ്ടിംഗ് പഞ്ചാബ് കിംഗ്‌സിനെ പരിശീലിപ്പിക്കും. പഞ്ചാബ് കിംഗ്സില്‍ ചേരുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പോണ്ടിംഗ് പറഞ്ഞു.
'വീണ്ടും ഹെഡ് കോച്ചാകാനുളള അവസരം നല്‍കിയതിന് പഞ്ചാബ് കിംഗ്സിന് നന്ദി. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ആവേശത്തിലാണ്. ഉടമകളുമായും മാനേജ്മെന്റുമായും ടീമിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ടീമിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ ഒത്തുപോകുന്നത് കണ്ട് ഞാന്‍ ശരിക്കും സന്തോഷിച്ചു' പോണ്ടിംഗ് പറഞ്ഞു.
'വര്‍ഷങ്ങളായി ഫ്രാഞ്ചൈസിക്കൊപ്പം നിന്ന ആരാധകര്‍ക്ക് ഞങ്ങള്‍ പ്രതിഫലം നല്‍കാന്‍ ആഗ്രഹിക്കുന്നു, വരും കാലങ്ങളില്‍ തികച്ചും വ്യത്യസ്തമായ പഞ്ചാബ് കിംഗ്സിനെ അവര്‍ കാണുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു' പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏഴ് സീസണുകളില്‍ പഞ്ചാബിന്റെ ആറാമത്തെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഫ്രാഞ്ചൈസി പ്ലേഓഫില്‍ എത്തിയത്, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ പഞ്ചാബിന് ആയിട്ടില്ല. കഴിഞ്ഞ സീസണില്‍ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്‌സ് ഫിനിഷ് ചെയ്തത്.
49 കാരനായ പോണ്ടിംഗ് മെഗാ ലേലത്തിന് മുന്നോടിയായി കോച്ചായി നിയമിതനാകുമ്പോള്‍ കഴിഞ്ഞ മാസം അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ച ശിഖര്‍ ധവാന് പകരം ക്യാപ്റ്റനെ കണ്ടെത്തുക എന്നതായിരിക്കും ആദ്യ വെല്ലുവിളി. പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തുന്ന താരങ്ങളേയും പോണ്ടിംഗിന് തീരുമാനിക്കണം.
കഴിഞ്ഞ സീസണില്‍ രണ്ടാം തവണയും പര്‍പ്പിള്‍ ക്യാപ് നേടിയ ഹര്‍ഷല്‍ പട്ടേല്‍, ഷഷാങ്ക് സിംഗ്, ആശുതോഷ് ശര്‍മ്മ എന്നിവരാണ് അവരുടെ നിലവിലെ പ്രധാന താരങ്ങള്‍. ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് നേടിയ ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, കഴിഞ്ഞ സീസണില്‍ കുറച്ച് മത്സരങ്ങളില്‍ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ജിതേഷ് ശര്‍മ്മ എന്നിവരും അവര്‍ക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിന്റെ സാം കുറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ തുടങ്ങിയവരും കഴിഞ്ഞ സീസണില്‍ പഞ്ചാബിനായാണ് കളിച്ചത്.
പോണ്ടിംഗിന്റെ ഐപിഎല്‍ ചരിത്രം
മൂന്ന് തവണ ഏകദിന ലോകകപ്പ് ജേതാവായ പോണ്ടിംഗ് അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് തവണ മാത്രമാണ് ഐപിഎല്ലില്‍ കളിച്ചത്. 2008 ലെ ഉദ്ഘാടന പതിപ്പില്‍, അദ്ദേഹം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചു. പിന്നീട് 2013 ല്‍ മുംബൈ ഇന്ത്യന്‍സിനായി ടൂര്‍ണമെന്റിലേക്ക് മടങ്ങിയെത്തി. എന്നാല്‍ സീസണിന്റെ മധ്യത്തില്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്മാറി. ിതോടെയാണ് രോഹിത് ശര്‍മ്മ മുംബൈ ക്യാപ്റ്റനായത്. പിന്നീട് അതേ വര്‍ഷം തന്നെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും 2014 ല്‍ മുംബൈ ഉപദേശക റോളില്‍ തുടര്‍ന്നു, തുടര്‍ന്ന് 2015 ലും 2016 ലും മുംബൈയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു.
2018 ല്‍, ഡല്‍ഹി ഫ്രാഞ്ചൈസി പോണ്ടിംഗിനെ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചു, 2019 നും 2021 നും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് പ്ലേഓഫ് യോഗ്യതകളിലേക്ക് ഡല്‍ഹി ടീമിനെ നയിച്ചു. 2020 ല്‍ ഡല്‍ഹി ടീം ഫൈനല്‍ വരെ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും ഡല്‍ഹിക്ക് നാല് സ്ഥാനങ്ങളില്‍ ഇടം നേടാനാകാതെ വന്നതിനെ തുടര്‍ന്ന് 2024 ജൂലൈയില്‍ അദ്ദേഹം ടീമുമായുള്ള ബന്ധം വേര്‍പെടുത്തി.