രാജസ്ഥാനൊഴികെ എല്ലാവര്‍ക്കും അവനെ വേണം, 30 കോടി രൂപ വാരിയേക്കാമെന്ന് ഇന്ത്യന്‍ താരം
ഐപിഎല്‍ റിടെന്‍ഷന്‍ ഡെഡ്ലൈന്‍ അടുത്തിരിക്കെ ടീമുകള്‍ കളിക്കാരെ കൈവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ നിലനിര്‍ത്തുമോ എന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പന്തിനെ ഡല്‍ഹി ഒഴിവാക്കിയാല്‍ ആര്‍സിബി, ലഖ്നൗ, പഞ്ചാബ് തുടങ്ങിയ ടീമുകള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തില്‍, ലേലത്തില്‍ പന്തിന് എത്ര രൂപ ലഭിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രവചിക്കുന്നു. ആര്‍സിബി, പഞ്ചാബ്, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ലഖ്നൗ എന്നീ ടീമുകള്‍ പന്തിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കാമെന്നും രാജസ്ഥാന്‍ ഒഴികെയുള്ള എല്ലാ ടീമുകളും താല്‍പര്യം പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
ലേലത്തില്‍ പന്തിന് റെക്കോര്‍ഡ് തുക ലഭിക്കുമെന്നും 25 മുതല്‍ 30 കോടി രൂപ വരെ ലഭിക്കുമെന്നുമാണ് ചോപ്രയുടെ പ്രവചനം.
'ആര്‍.സി.ബിക്ക് വിക്കറ്റ് കീപ്പറേയും ബാറ്ററേയും ക്യാപ്റ്റനേയും ആവശ്യമുണ്ട്. പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും അദ്ദേഹത്തെ ആവശ്യമാണ്. ഡല്‍ഹി തന്നെ അദ്ദേഹത്തെ ലേലത്തില്‍ പിടിച്ചേക്കാം. ഇഷാന്‍ കിഷനെ വിടുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനും അദ്ദേഹത്തെ ആവശ്യമായി വന്നേക്കാം. ചെന്നൈ സൂപ്പര്‍ കിങ്സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും അദ്ദേഹത്തെ ആവശ്യമായി വരും. രാജസ്ഥാനൊഴികെ എല്ലാവരും അദ്ദേഹത്തില്‍ താത്പര്യം പ്രകടിപ്പിക്കും. അതിനാല്‍ പന്തിന് വലിയ തുക തന്നെ ലഭിക്കാം. 25 മുതല്‍ 30 കോടി വരെ രൂപ അദ്ദേഹത്തിന് ലഭിക്കാം' ആകാശ് ചോപ്ര പറയുന്നു.