ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം, എന്നാലും ‘വിടപറയൽ എളുപ്പമല്ലെന്ന്’ പന്ത്; ഡൽഹി ആരാധകർക്കായി വികാരനിർഭരമായ കുറിപ്പുമായി താരം
ഐപിഎൽ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ശേഷം തന്റെ മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിനോട് ഹൃദയ സ്പർശിയായ കുറിപ്പിലൂടെ വിടപറഞ്ഞു ഋഷഭ് പന്ത്. എട്ട് വർഷത്തോളം ഡൽഹി ക്യാപിറ്റൽസിനൊപ്പം കളിച്ച പന്ത് വികാരനിർഭരമായ കുറിപ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്.
ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി പന്തും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഭാവി പദ്ധതികളെക്കുറിച്ച് ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പന്തിനെ നിലനിർത്താൻ ശ്രമിക്കാതെ ഫ്രാഞ്ചൈസി വിട്ടയച്ചു. ഇതോടെ മെഗാലേലത്തിലെത്തിയ പന്തിനെ, ലേലത്തിൽ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി. വാശിയേറിയ ലേലത്തിനൊടുവിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായാണ് പന്ത് ലഖ്‌നൗവിൽ എത്തുന്നത്.
ജിദ്ദയിൽ നടന്ന രണ്ട് ദിവസത്തെ ഐപിഎൽ ലേലം അവസാനിച്ചതിന് ശേഷം ഇൻസ്റ്റയിൽ പന്ത് കുറിച്ചു:
തന്റെ ജീവിതത്തിലെ "ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നിൽ" തന്നെ പിന്തുണച്ചതിന് ആരാധകരോട് പന്ത് നന്ദി പറഞ്ഞു. കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ക്രിക്കറ്റ് മൈതാനത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വന്ന സമയത്തെക്കുറിച്ചാണ് 27-കാരൻ വൈകാരികമായ വാക്കുകളിൽ ആരാധകരോട് നന്ദിപറയുന്നത്.
Advertisement
പന്തിന്റെ കുറിപ്പിന്റെ പൂർണരൂപം
"വിടപറയൽ ഒരിക്കലും എളുപ്പമല്ല. ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള യാത്ര അതിശയകരമായിരുന്നു. ഫീൽഡിലെ ആവേശം മുതൽ ഫീൽഡിന് പുറത്തുള്ള നിമിഷങ്ങൾ വരെ, ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത രീതിയിൽ വളർന്നു. ഞാൻ ഒരു കൗമാരക്കാരനായി ഇവിടെ വന്നു, കഴിഞ്ഞ ഒമ്പത് വർഷമായി ഞങ്ങൾ ഒരുമിച്ച് വളർന്നു.
ഈ യാത്രയെല്ലാം വിലപ്പെട്ടതാക്കിയത് നിങ്ങളാണ്, ആരാധകരേ.. നിങ്ങൾ എന്നെ സ്വീകരിച്ചു, എനിക്ക് വേണ്ടി ആഹ്ലാദിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നിൽ എന്നെ പിന്തുണച്ചു.
Advertisement
ഞാൻ മുന്നോട്ട് പോകുമ്പോൾ, നിങ്ങളുടെ സ്നേഹവും പിന്തുണയും ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടുപോകുന്നു. ഞാൻ ഫീൽഡിൽ ഇറങ്ങുമ്പോഴെല്ലാം നിങ്ങളെ ത്രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബമായിരിക്കുന്നതിനും ഈ യാത്രയെ ഇത്രയും സവിശേഷമാക്കിയതിനും നന്ദി.
"ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള യാത്ര അതിശയകരമായിരുന്നു. ഫീൽഡിലെ ആവേശം മുതൽ ഫീൽഡിന് പുറത്തുള്ള നിമിഷങ്ങൾ വരെ. ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത രീതിയിൽ വളർന്നു. ഞാൻ ഒരു കൗമാരക്കാരനായി ഇവിടെ വന്നു, കഴിഞ്ഞ ഒമ്പത് വർഷമായി ഞങ്ങൾ ഒരുമിച്ച് വളർന്നു."
#RP17"
.@DelhiCapitals 🙌#RP17 pic.twitter.com/DtMuJKrdIQ
— Rishabh Pant (@RishabhPant17) November 26, 2024
നിലവിൽ ഓസ്ട്രേലിയയിൽ ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമാണ് പന്ത്.