രഞ്ജിയില്‍ ചിലത് തെളിയ്ക്കാന്‍ പന്തടക്കം ഇറങ്ങുന്നു, ഒളിച്ച് കളിച്ച് കോഹ്ലി
രഞ്ജി ക്രിക്കറ്റിന്റെ പോരാട്ട ഭൂമിയിലേക്ക് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത് തിരിച്ചെത്തുന്നു. ജനുവരി 23ന് രാജ്കോട്ടില്‍ സൗരാഷ്ട്രയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്കായി കളിക്കാനാണ് റിഷഭ് പന്ത് ഒരുങ്ങുന്നത്. റിഷഭ് കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ്മ സ്ഥിരീകരിച്ചു.
2017-18 സീസണിനു ശേഷം പന്ത് ആദ്യമായാണ് രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്. എന്നാല്‍, 2012ല്‍ അവസാനമായി ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിച്ച വിരാട് കോഹ്ലി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'അടുത്ത രഞ്ജി മത്സരത്തില്‍ കളിക്കാന്‍ പന്ത് തയ്യാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, അദ്ദേഹം രാജ്കോട്ടില്‍ നേരിട്ട് ടീമിനൊപ്പം ചേരും. വിരാട് കോഹ്ലി കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അദ്ദേഹത്തില്‍ നിന്ന് ഇതുവരെ ഞങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഹര്‍ഷിത് റാണ ടി20 ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അദ്ദേഹം ലഭ്യമല്ല' ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മ്മ പിടിഐയോട് പറഞ്ഞു.
ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് ശേഷം, നിലവിലെ താരങ്ങള്‍, പ്രത്യേകിച്ച് ഫോമില്ലാത്ത രോഹിത് ശര്‍മ്മയും കോഹ്ലിയും, റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കണമെന്ന് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
പന്തിനെ കൂടാതെ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും അവരവരുടെ സംസ്ഥാന ടീമുകള്‍ക്കായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച രോഹിത് മുംബൈ ടീമിനൊപ്പം പരിശീലനം നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാല്‍ ജനുവരി 23ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
രോഹിത്തിനൊപ്പം റെഡ് ബോള്‍ ഫോം വീണ്ടെടുക്കാന്‍ കോഹ്ലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിവരുന്നതിനെച്ചൊല്ലി വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡിഡിസിഎ അവരുടെ സ്റ്റാര്‍ കളിക്കാരെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്, പക്ഷേ അന്തിമ ടീമില്‍ അവരെ ഉള്‍പ്പെടുത്തുന്നത് അവരുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും.
ഫോമില്ലായ്മ മൂലം ഓസ്‌ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് വിശ്രമം എടുത്തിരുന്നു. അതേസമയം, ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ കോഹ്ലിയുടെ ദൗര്‍ബല്യമാണ് ഓസീസില്‍ അദ്ദേഹത്തിന് വിനയായത്. ബിജിടിയിലെ അഞ്ച് ടെസ്റ്റുകളിലായി കോഹ്ലിയെ സ്ലിപ്പില്‍ പിടിക്കപ്പെട്ടത് എട്ട് തവണയാണ്.
കോഹ്ലി, പന്ത്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് പുറമെ, ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഡല്‍ഹി 38 സാധ്യതാ കളിക്കാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഡല്‍ഹി നാലാം സ്ഥാനത്താണ്.