തോല്‍വിയ്ക്ക് പിന്നാലെ പന്തിനും കൂട്ടര്‍ക്കും മുട്ടന്‍ പണി കൊടുത്ത് ബിസിസിഐ
ഐപിഎല്ലിലെ തങ്ങളുടെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തേടി മറ്റൊരു തിരിച്ചടി കൂടി. നായകന്‍ റിഷഭ് പന്തിന് കനത്ത പിഴ ചുമത്തിയിരിക്കുകയാണ് ഐപിഎല്‍ അധികൃതര്‍. സ്ലോ ഓവര്‍ റേറ്റിന് 30 ലക്ഷം രൂപയാണ് പന്തിന് പിഴ ചുമത്തിയത്.
കൂടാതെ ടീമിലെ മറ്റ് കളിക്കാര്‍ക്കും ഇംപാക്ട് പ്ലെയറിനും 12 ലക്ഷം രൂപ വീതമോ അവരുടെ മാച്ച് ഫീയുടെ 50 ശതമാനമോ (ഏതാണോ കുറവ്) പിഴ ചുമത്തിയിട്ടുണ്ട്.
പിഴ ചുമത്തിയതിന്റെ കാരണം
ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മൂന്നാമത്തെ സ്ലോ ഓവര്‍ റേറ്റ് കുറ്റമാണ് ഇത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച്, സ്ലോ ഓവര്‍ റേറ്റ് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ടീമുകള്‍ക്ക് കടുത്ത ശിക്ഷകളാണ് ലഭിക്കുന്നത്. സീസണിലെ ആദ്യ കുറ്റത്തിന് സാധാരണയായി 12 ലക്ഷം രൂപയാണ് പിഴ ചുമത്താറ്.
എന്നാല്‍ ഇത് മൂന്നാം തവണയായതുകൊണ്ടാണ് പന്തിന് ഇത്രയും വലിയ തുക പിഴ ചുമത്തിയത്. നേരത്തെ ഏപ്രില്‍ 4നും ഏപ്രില്‍ 27നും മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരങ്ങളിലും ലഖ്‌നൗ സ്ലോ ഓവര്‍ റേറ്റിന് പിഴ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.
റിഷഭ് പന്തിന്റെ മികച്ച പ്രകടനം വിഫലം
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഈ മത്സരത്തില്‍ റിഷഭ് പന്ത് 61 പന്തില്‍ പുറത്താകാതെ 118 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 11 ബൗണ്ടറികളും 8 സിക്‌സറുകളും ഉള്‍പ്പെട്ട തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇത്.
മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ 67 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കുകയും ചെയ്തു. ലഖ്‌നൗ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയതെങ്കിലും, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഈ കൂറ്റന്‍ ലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടന്നു.
ആര്‍സിബി പ്ലേഓഫില്‍
ഈ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്വാളിഫയര്‍ 1-ലേക്ക് യോഗ്യത നേടി. മെയ് 29 വ്യാഴാഴ്ച മുല്ലന്‍പൂരില്‍ വെച്ച് പഞ്ചാബ് കിംഗ്‌സിനെയാണ് അവര്‍ക്ക് ഇനി നേരിടേണ്ടത്. ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് പ്ലേഓഫില്‍ എത്താനായില്ല. 14 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് നേടി അവര്‍ ലീഗ് ഘട്ടം അവസാനിപ്പിച്ചു.