രോഹിത്തിന്റെ പിന്‍ഗാമിയായി പന്ത് വരട്ടെ, അവന്‍ മാത്രമാണ് അതിന് യോഗ്യതയുളളുവെന്ന് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായി ഋഷഭ് പന്തിനെ പരിഗണിക്കാമെന്ന നിര്‍ദേശവുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ കൈഫ് തികച്ചും യോഗ്യനാണെന്ന് കൈഫ് വിലയിരുത്തുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രതികൂല സാഹചര്യങ്ങളില്‍ പന്ത് ഇതിനകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചൂണ്ടിക്കാട്ടി.
'നിലവിലെ ടീമില്‍ നിന്ന് ഋഷഭ് പന്ത് മാത്രമാണ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍. അദ്ദേഹം അതിന് അര്‍ഹനാണ്, എപ്പോഴൊക്കെ കളിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അദ്ദേഹം ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്. ഏത് നമ്പറില്‍ കളിക്കാന്‍ വന്നാലും, മത്സരം ജയിപ്പിക്കുന്ന ഇന്നിംഗ്‌സ് കളിക്കാന്‍ അദ്ദേഹം തയ്യാറാണ്' കൈഫ് പറഞ്ഞു.
'ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ എല്ലാത്തരം സാഹചര്യങ്ങളിലും അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ട്. സീമിംഗ് ട്രാക്കുകളിലായാലും ടേണിംഗ് ട്രാക്കുകളിലായാലും, അദ്ദേഹം ഒരു പൂര്‍ണ്ണ ബാറ്റ്‌സ്മാനാണ്' കൈഫ് തന്റെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പറഞ്ഞു.
പന്ത് ക്രീസില്‍ ഉള്ളിടത്തോളം കാലം ന്യൂസിലന്‍ഡ് എപ്പോഴും സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കൈഫ് അഭിപ്രായപ്പെട്ടു, ഇത് അദ്ദേഹത്തെ രോഹിത്തിന്റെ യോഗ്യനായ പിന്‍ഗാമിയാക്കുന്നു.
'റിഷഭ് പന്ത് തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍, അദ്ദേഹം ഒരു ഇതിഹാസമായി വിരമിക്കും. അദ്ദേഹം അത് ഇതിനകം തെളിയിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ കീപ്പിംഗ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ക്രീസില്‍ ഉള്ളിടത്തോളം കാലം ന്യൂസിലന്‍ഡിന് ശ്വാസം വിടാന്‍ കഴിഞ്ഞില്ല. അതിനാല്‍, നിലവിലെ ടീമില്‍ നിന്ന്, നിങ്ങള്‍ ഒരു ഭാവി ക്യാപ്റ്റനെ തിരയുകയാണെങ്കില്‍, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ ഋഷഭ് പന്ത് അര്‍ഹനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് പന്ത്. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലി പല അവസരങ്ങളിലും ഇന്ത്യയെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്.
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ്മ വിമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതിരോധാത്മക ക്യാപ്റ്റന്‍സിയും ബാറ്റിംഗ് പ്രകടനത്തിലെ ഇടിവും മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി.
ഈയിടെ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത്തിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്തു. എന്നിരുന്നാലും, ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ജോലിഭാരവും കണക്കിലെടുക്കുമ്പോള്‍, ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ല.