രണ്ടാം ടെസ്റ്റില്‍ നിന്ന് പന്ത് പുറത്ത്, സഞ്ജുവിന് സര്‍പ്രൈസ് കോളുണ്ടാകുമോ
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പന്ത്, രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പിംഗ് നിര്‍വഹിച്ചിരുന്നില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍, മികച്ച ഫോമിലുള്ള പന്തിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. പന്തിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും, ബിസിസിഐയുടെ മെഡിക്കല്‍ ടീം മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പന്തിന് പകരം ധ്രുവ് ജുറല്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുറല്‍, ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികവ് തെളിയിച്ചിട്ടുണ്ട്.
പന്ത് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റ് ഉടന്‍ എടുക്കും. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെ, പന്തിനെ പൂര്‍ണ ആരോഗ്യവാനാക്കി നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
പന്തിന് പകരക്കാരനായി സഞ്ജു സാംസണിനെ ഇന്ത്യ ടീമിലേക്ക് വിളിക്കുമോയെന്നും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നുണ്ട്. നിലവില്‍ രഞ്ജി ട്രോഫി കളിയ്ക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മികച്ച ഫോമിലാണ്.