എന്തൊരു നിര്‍ഭാഗ്യം, 99ല്‍ വീണ് പന്ത്, 150 അടിച്ച് സര്‍ഫറാസ്, ഉത്തരവാദിത്തം മറന്ന് രാഹുല്‍, ഇന്ത്യ വീണ്ടും തകര്‍ച്ചയിലേക്ക്?
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വീണ്ടും പ്രതിസന്ധിയില്‍. നാലാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ കെഎല്‍ രാഹുലും മടങ്ങിയത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നു. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ആര് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 82 റണ്‍സിന്റെ ലീഡാണ് ഉളളത്.
രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാന്‍ 150 റണ്‍സ് നേടി പുറത്തായപ്പോള്‍ റിഷഭ് പന്ത് നിര്‍ഭാഗ്യകരമായി 99 റണ്‍സില്‍ പുറത്തായി. വില്യം ഒറൗര്‍ക്കെയുടെ പന്തില്‍ ബൗള്‍ഡാകുമ്പോള്‍ സെഞ്ച്വറിയിലേക്ക് ഒരു റണ്‍ മാത്രം അകലെയായിരുന്നു പന്ത്. ഇത് ആരാധകരില്‍ കനത്ത നിരാശ സമ്മാനിച്ചു.
നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ആരംഭിച്ചത്. സര്‍ഫറാസ് ഖാന്‍ വേഗത്തില്‍ റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കി. 150 റണ്‍സ് നേടിയ ശേഷം ടിം സൗത്തിയുടെ പന്തില്‍ പുറത്തായി. പന്തും സര്‍ഫറാസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പന്ത് 105 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 99 റണ്‍സ് നേടി.
ഇന്ത്യയ്ക്കായി വിരാട് കോലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും റണ്‍സ് നേടി. രാഹുല്‍ 12 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ, ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 402 റണ്‍സ് നേടിയിരുന്നു. രചിന്‍ രവീന്ദ്ര (134) സെഞ്ച്വറി നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് വെറും 46 റണ്‍സിന് അവസാനിച്ചിരുന്നു.