തോല്‍വി, പന്തിനെ നേരിട്ട് പൊരിച്ച് സഞ്ജീവ് ഗോയങ്ക
ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ റിഷാബ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ക്ക് വഴിവെച്ചു. അശുതോഷ് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ ഡല്‍ഹി ഒരു വിക്കറ്റിന് വിജയം നേടിയതിന് പിന്നാലെയാണ് ഈ വൈറല്‍ സംഭാഷണം നടന്നത്.
മത്സരശേഷം ഗോയങ്കയും പന്തും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ ഗോയങ്ക പന്തിനോട് അതൃപ്തി പ്രകടിപ്പിക്കുന്നതായാണ് കാണുന്നത്. 'വിഡ്ഢിത്തം…വിഡ്ഢിത്തം…' എന്ന് ഗോയങ്ക പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഈ വീഡിയോയ്ക്ക് പിന്നാലെ ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കെഎല്‍ രാഹുലും ഗോയങ്കയും തമ്മിലുള്ള സംഭാഷണവും വലിയ വിവാദമായിരുന്നു. അതിന് സമാനമായ രംഗങ്ങളാണ് ഇപ്പോള്‍ വീണ്ടും അരങ്ങേറിയത്. 'ഗോയങ്ക വീണ്ടും തുടങ്ങി', 'റിഷാബ് പന്തിനെ രാഹുലിന്റെ അവസ്ഥയിലേക്ക് തള്ളിവിടരുത്' തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
മത്സരത്തില്‍ ആറ് പന്ത് നേരിട്ട് പൂജ്യനായാണ് പന്ത് പുറത്തായത്. പിന്നാലെ മത്സരത്തില്‍ ജയമുറപ്പിക്കാവുന്ന ഒരു സ്റ്റംമ്പിംഗും പന്ത് നഷ്ടപ്പെടുത്തിയിരുന്നു.
അശുതോഷ് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. 31 പന്തില്‍ 66 റണ്‍സാണ് അശുതോഷ് നേടിയത്. അവസാന ഓവറില്‍ ഷഹബാസ് അഹമ്മദിനെ സിക്സറിന് പറത്തിയാണ് അശുതോഷ് ഡല്‍ഹിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
ഈ തോല്‍വി ലഖ്നൗ ക്യാമ്പില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്യാപ്റ്റനും ഉടമയും തമ്മിലുള്ള സംഭാഷണം ടീമിലെ അന്തരീക്ഷത്തെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.