ഇത്രയും തരംതാഴരുത്, ഒടുവില്‍ ആഞ്ഞടിച്ച് റിഷഭ് പന്ത്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റില്‍, പന്ത് ആര്‍സിബിയിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ വിരാട് കോഹ്ലി ഇത് തടഞ്ഞുവെന്നുമായിരുന്നു പ്രചരിച്ചത്.
ഇന്ത്യന്‍ ടീമിലെ അസ്വസ്ഥതകള്‍ കോഹ്ലി ഐപിഎല്ലിലേക്കും വ്യാപിപ്പിക്കുകയാണെന്നും രാജീവ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരോപിച്ചു. ഈ പോസ്റ്റിന് താഴെയാണ് സാക്ഷാല്‍ റിഷഭ് പന്ത് തന്നെ പ്രതികരണവുമായി എത്തിയത്.
'വ്യാജ വാര്‍ത്തയാണിത്. എന്തിനാണ് നിങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്? നാം വിവേകത്തോടെ പെരുമാറണം. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതാദ്യമായല്ല ഇത്തരം പ്രചാരണങ്ങള്‍ ഞാന്‍ എതിര്‍ക്കുന്നത്. ഇതൊരുപക്ഷേ അവസാനത്തേതും ആയിരിക്കില്ല. നിങ്ങളുടെ വാര്‍ത്താ സ്രോതസ്സുകള്‍ വീണ്ടും പരിശോധിക്കുക. ഓരോ ദിവസവും ഇത് വളരെ മോശമായി തുടരുകയാണ്. ഒരുപാട് ആളുകള്‍ക്ക് ഇത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നു,' പന്ത് പ്രതികരിച്ചു.
അതേസമയം, ഐപിഎല്ലിന്റെ മെഗാ ലേലത്തിന് മുമ്പായി ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം ബിസിസിഐ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഓരോ ടീമിനും അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സൂചന. അതില്‍ എത്ര ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താന്‍ കഴിയുമെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.