സഞ്ജുവിന്റെ ശരാശരി 20ല്‍ താഴെയായിരുന്നു, പന്തിനെ ഒഴിവാക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണല്ലോ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണാണ് ഒന്നാം വിക്കറ്റ് കീപ്പര്‍ ആയി ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ സഞ്ജു കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരത്തിന് തുണയായത്.
അതെസമയം പന്തിന്റെ അഭാവത്തില്‍ സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പന്ത് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പന്തിനെ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നത് തെറ്റാകുമെന്ന് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രശസ്ത കമന്റേറ്ററുമാ ആകാശ് ചോപ്ര.
സഞ്ജു സാംസണിന്റെ സമീപകാല ഫോം ശ്രദ്ധേയമാണെങ്കിലും, പന്ത് ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭയാണെന്നും അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കരുതെന്നുമാണ് ചോപ്രയുടെ അഭിപ്രായം.
ചോപ്രയുടെ വാക്കുകള്‍:
'സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍, ഓപ്പണറായി എത്തുന്നതിനു മുമ്പ് സാംസണിന്റെ ശരാശരി 20ല്‍ താഴെയായിരുന്നു. പന്ത് ഒരു തലമുറയിലെ പ്രതിഭയാണ്… വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് അദ്ദേഹത്തെ പൂര്‍ണമായും ഒഴിവാക്കുന്നത് ഒരു തെറ്റായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.'
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങളിലെ പ്രകടനം സഞ്ജു സാംസണിനും റിഷഭ് പന്തിനും നിര്‍ണായകമാകും.