ഇന്ത്യന്‍ താരം 34ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, ആ ഇലകൊഴിഞ്ഞു
ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ റിഷി ധവാന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2024-25 വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസത്തിന് ശേഷമാണ് 34-കാരനായ ഹിമാചല്‍ പ്രദേശ് താരം ഈ പ്രഖ്യാപനം നടത്തിയത്. വിജയ് ഹസാരയില്‍ ധവാന്റെ ടീമിന് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'നിരവധി ഓര്‍മ്മകള്‍ സമ്മാനിച്ച ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് വേദനയോടെയാണ്. കഴിഞ്ഞ 20 വര്‍ഷമായി എന്റെ ജീവിതത്തെ നിര്‍വചിച്ചത് ഈ കളിയാണ്. ഈ കളി എനിക്ക് അളവറ്റ സന്തോഷവും എണ്ണമറ്റ ഓര്‍മ്മകളും നല്‍കിയിട്ടുണ്ട്, അവ എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും' ധവാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ബിസിസിഐ, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ നല്‍കിയ അവസരങ്ങള്‍ക്ക് നന്ദി പറയുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പരിശീലകര്‍, ഉപദേശകര്‍, സഹതാരങ്ങള്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ക്കും ധവാന്‍ നന്ദി അറിയിച്ചു.
2016 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ നാല് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 12 റണ്‍സും ഒരു വിക്കറ്റും നേടി. സിംബാബ്യ്ക്കെതിരായ ഏക ട്വന്റി20യില്‍ ഒരു റണ്‍സും ഒരു വിക്കറ്റും നേടി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്കായി ധവാന്‍ കളിച്ചിട്ടുണ്ട്. ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചലിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ധവാന്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 79.40 ശരാശരിയില്‍ 397 റണ്‍സും 28.45 ശരാശരിയില്‍ 11 വിക്കറ്റുകളും ധവാന്‍ നേടി.