'ആ നിർണായക മന്ത്രം ഗംഭീർ ഓതി തന്നത്' ; മാസ്റ്റർ ക്ലാസ് രഹസ്യം വെളിപ്പെടുത്തി പരാഗ്
ശനിയാഴ്ച നടന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ, അവിസ്മരണീയമായ പ്രകടനമാണ് യുവതാരം റിയാൻ പരാഗ് കാഴ്ചവെച്ചത്. 84 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടുമായി പതും നിസ്സങ്കയും കുശാൽ മെൻഡിസും ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും പരാഗിന്റെ മികവിൽ ഇന്ത്യ ശ്രീലങ്കൻ ബാറ്റിംഗ് നിരയെ തകർത്ത് കൂറ്റൻ ജയം സ്വന്തമാക്കി. 1.2 ഓവറിൽ കെമിന്ദു മെൻഡിസ്, മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക എന്നിവരുടെ വിക്കറ്റുകൾ പിഴുത പരാഗ് തന്നെയായിരുന്നു ഇന്ത്യൻ നിരയിലെ സർപ്രൈസ്.
പരാഗിന്റെ മികവിൽ 170 റൺസിൽ ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിപിച്ച ഇന്ത്യ 43 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി. മത്സരശേഷം, മത്സരത്തിലെ വിവിധ സാഹചര്യങ്ങൾക്കായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ തന്നെ എങ്ങനെയാണ് തയ്യാറാക്കിയതെന്ന് പരാഗ് വെളിപ്പെടുത്തി.
പരാഗ്-ഗംഭീർ സംഭാഷണം
ബിസിസിഐ പങ്കിട്ട വീഡിയോയിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ അക്‌സർ പട്ടേൽ എന്നിവരോടൊപ്പം പരാഗും ഉണ്ടായിരുന്നു. ഈ വീഡിയോയിലാണ് പരാഗ് തന്റെ ബൗളിംഗിനെക്കുറിച്ച്, പ്രത്യേകിച്ച് കളിയുടെ ചില നിർണായക ഘട്ടങ്ങളിലെ ബൗളിംഗിനെക്കുറിച്ച് ഗംഭീറുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തിയത്.
"എനിക്ക് ബൗളിംഗ് ഇഷ്ടമാണ്. കഴിയുന്നത്രയും ഞാൻ ബൗൾ ചെയ്യാറുണ്ട്. നെറ്റിലായിരിക്കുമ്പോൾ, എവിടെ എങ്ങനെ ബൗൾ ചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾക്കായി ഗൗതം സാറുമായി ഒരുക്കങ്ങൾ നടത്തിയിരുന്നു. 16, 17 ഓവറുകളിൽ എനിക്ക് ബൗളിംഗ് ലഭിക്കുകയും വിക്കറ്റ് സ്പിൻ ചെയ്യുകയും ചെയ്താൽ, എവിടെയാണ് ഞാൻ ബൗൾ ചെയ്യേണ്ടതെന്ന് അദ്ദേഹമാണ് ഉപദേശിച്ചത്. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സ്റ്റമ്പ് ടു സ്റ്റമ്പ് ബൗൾ ചെയ്യുകയായിരുന്നു. പന്ത് ടേൺ ചെയ്തതോടെ വിക്കറ്റുകൾ ലഭിച്ചു." പരാഗ് പറഞ്ഞു.
സൂര്യകുമാറിന്റെ പ്രശംസ
പരാഗിന്റെ പ്രകടനത്തെ നായകൻ സൂര്യകുമാർ യാദവും പ്രശംസിച്ചു. രാജസ്ഥാൻ റോയൽസ് താരത്തിന് ഒരു എക്സ് ഫാക്ടർ ഉണ്ടെന്നായിരുന്നു സൂര്യയുടെ പ്രശംസ.
"ഇത് ഒരു റിയാൻ പരാഗ് സ്പെഷ്യൽ ആയിരിക്കാം. ഐപിഎല്ലിലും നെറ്റിലും അവൻ ബൗൾ ചെയ്യുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. പത്രസമ്മേളനത്തിലും ഞാൻ പറഞ്ഞു, റിയാൻ പരാഗിന് ഒരു 'എക്സ്' ഫാക്ടർ ഉണ്ടെന്ന്" സൂര്യകുമാർ പറയുന്നു.