ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ - പാക് ബന്ധം വഷളാവുന്നതിനിടെ രാഹുലിനും, സൂര്യക്കും ക്ഷണവുമായി റിസ്‌വാൻ
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ന്റെ വേദിയെച്ചൊല്ലിയുള്ള ഇന്ത്യ-പാകിസ്ഥാൻ നയതന്ത്ര പോരിനിടയിൽ, പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക്, പ്രത്യേകിച്ച് കെ.എൽ രാഹുലിനും സൂര്യകുമാർ യാദവിനും ഹൃദയസ്പർശിയായ സ്വാഗത സന്ദേശം അയച്ച് ശ്രദ്ധേയനായി.
ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലെത്തുമെന്ന് റിസ്‌വാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകില്ലെന്ന് ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, റിസ്‌വാൻ ശുഭാപ്തിവിശ്വാസം നിലനിർത്തുന്നു.
ഇന്ത്യൻ ടീമിന് റിസ്‌വാന്റെ ഊഷ്മള സ്വാഗതം:
ഇന്ത്യൻ സർക്കാർ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കുന്നതിന് വിസമ്മതിച്ചതിനെത്തുടർന്ന്, ബിസിസിഐ ചാമ്പ്യൻസ് ട്രോഫി 2025ന് ഒരു ഹൈബ്രിഡ് ഫോർമാറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാൽ, ടൂർണമെന്റിന് ഹൈബ്രിഡ് മോഡൽ സ്വീകരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തയ്യാറല്ല, പ്രത്യേകിച്ച് മെഗാ ഇവന്റിനായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതിന് ശേഷം വേദി മാറ്റുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാചര്യത്തിൽ.
ഐസിസി ഹൈബ്രിഡ് ഫോർമാറ്റ് അടിച്ചേൽപ്പിക്കുകയാണെങ്കിൽ ഐസിസി, ഏഷ്യാ കപ്പ് ടൂർണമെന്റുകളിൽ ഇന്ത്യ ഉൾപ്പെടുന്ന മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് പിസിബി സൂചന നൽകിയിട്ടുണ്ട്. ഹൈബ്രിഡ് മോഡലിനോട് പാകിസ്ഥാൻ സർക്കാരിനും യോജിപ്പില്ല, ചാമ്പ്യൻസ് ട്രോഫി 2025ൽ നിന്ന് പിന്മാറാൻ ബോർഡിനോട് പാക് സർക്കാർ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ, ബ്രിസ്ബേനിലെ ഗാബയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ പാകിസ്ഥാന്റെ മൂന്നാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി മുഹമ്മദ് റിസ്‌വാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യൻ താരങ്ങൾക്ക് ഹൃദയസ്പർശിയായ സന്ദേശം നൽകിക്കൊണ്ടാണ് റിസ്‌വാൻ സംസാരിച്ചത്. കളിയുടെ അന്തസത്തയെ മാനിക്കുന്ന ഒരു പരിഹാരത്തിനായാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് റിസ്‌വാൻ പറയുന്നു. അന്തിമ തീരുമാനം പിസിബിയുടെയും ബിസിസിഐയുടെയും കൈകളിലാണെന്നും അദ്ദേഹം പറഞ്ഞുവക്കുന്നുണ്ട്.
"കെ.എൽ രാഹുലിനും, സൂര്യകുമാർ യാദവിനും പാകിസ്ഥാനിലേക്ക് സ്വാഗതം"
"വരുന്ന എല്ലാ കളിക്കാരെയും ഞങ്ങൾ സ്വാഗതം ചെയ്യും. ഇത് ഞങ്ങളുടെ തീരുമാനമല്ല; പിസിബിയുടെ തീരുമാനമാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും, എല്ലാവരും ചർച്ച ചെയ്ത് ശരിയായ തീരുമാനമെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യൻ താരങ്ങൾ വന്നാൽ ഞങ്ങൾ അവരെ ഹൃദയപൂർവം സ്വാഗതം ചെയ്യും" റിസ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.
സൂര്യകുമാർ യാദവിന്റെ പ്രതികരണം:
അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് അതിർത്തി കടക്കാൻ ഇന്ത്യ വിമുഖത കാണിക്കുന്നതിനെക്കുറിച്ച് ഒരു പാകിസ്ഥാൻ ആരാധകൻ ചോദ്യമുന്നയിച്ചു. നിലവിൽ ദക്ഷിണാഫ്രിക്കയിൽ നാല് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുകയാണ് സൂര്യകുമാർ.
"ആപ് പാകിസ്ഥാൻ ക്യൂൻ നഹി ആതെ (നിങ്ങൾ എന്തിന് പാകിസ്ഥാനിലേക്ക് വരുന്നില്ല)" എന്ന ചോദ്യം കേട്ട് സൂര്യകുമാർ യാദവ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, "അരേ ഭയ്യാ! ഹുമാരെ ഹാത്ത് മേ തോഡി ഹേ (ഹേയ് സഹോദരാ, അത് ഞങ്ങളുടെ കൈകളിലല്ല)."
ഐസിസിയുടെ വെല്ലുവിളി:
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025ന്റെ നടത്തിപ്പിന് ഐസിസി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ടൂർണമെന്റിന്റെ വിജയം പ്രധാനമായും ഇന്ത്യയുടെയും പാകിസ്ഥാന്റെയും പങ്കാളിത്തത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാൽ ബിസിസിഐയും പിസിബിയും അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയെ പ്രതിസന്ധിയിലാക്കുന്നു.
2012 മുതൽ ഇന്ത്യയും പാകിസ്ഥാനും യാതൊരു ദ്വിരാഷ്ട്ര പരമ്പരയും കളിച്ചിട്ടില്ല. 2008ൽ ഇന്ത്യ അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചതിന് ശേഷം മൂന്ന് തവണ പാക് ക്രിക്കറ്റ് ടീം ഇന്ത്യയിൽ വന്ന് കളിച്ചിരുന്നു.