രോഹണ്‍ കുന്നുമ്മലിന് എന്താണ് സംഭവിച്ചത്, ഐപിഎല്‍ കേരള ക്രിക്കറ്ററെ നശിപ്പിച്ച വിധം
ബാസിത്ത് ബിന്‍ ബുഷ്‌റ
വിഷ്ണു വിനോദും അബ്ദുല്‍ ബാസിത്തും അസ്ഹറുദ്ദീനും അടക്കം ആഭ്യന്തര ടീമിലെ സ്ഥിരാംഗങ്ങളായ ബാറ്റര്‍മാരൊക്കെ ക്രിക്കറ്റ് ലീഗില്‍ നന്നായി കളിക്കുന്നു. ലീഗില്‍ ഒന്നോ രണ്ടോ ഇന്നിംഗ്‌സെങ്കിലും ഇവര്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍, ഒരാള്‍ക്ക് മാത്രം ഇതുവരെ ഒരു ലോങ് ഇന്നിംഗ്‌സ് കളിക്കാനായിട്ടില്ല. രോഹന്‍ കുന്നുമ്മല്‍.
അരങ്ങേറി ആദ്യ സീസണുകളില്‍ തന്നെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളായി മാറിയ താരമായിരുന്നു രോഹന്‍. കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം വേഗത്തില്‍ റണ്‍സ്. ദുലീപ് ട്രോഫി, ദേവ്ധര്‍ ട്രോഫി പോലുള്ള ടൂര്‍ണമെന്റുകളിലും രോഹന്‍ നന്നായി കളിച്ചു. ഐപിഎല്‍ അവസരം ലഭിക്കുമെന്ന് മാധ്യമങ്ങള്‍ മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ലേലത്തില്‍ രോഹനെ ആരും മൈന്‍ഡ് ചെയ്തില്ല. അവിടം മുതലാണ് രോഹന്റെ ഫോമില്‍ കാര്യമായ ഇടിവുണ്ടായത്. പിന്നെയൊരിക്കലും അയാള്‍ പഴയ ഫോമിലെത്തിയില്ല. കേരള ജഴ്‌സിയില്‍ അവിടവിടെയായി ചില നല്ല ഇന്നിംഗ്‌സുകള്‍ മാത്രം. കളി ശൈലിയ്ക്ക് അന്നും ഇന്നും മാറ്റമില്ല. പക്ഷേ, ഐപിഎല്‍ റിജക്ഷന്റെ ഞെട്ടല്‍ അയാളെ വിട്ടുപോയിട്ടില്ലന്ന് തോന്നും മട്ടില്‍ ആത്മവിശ്വാസക്കുറവ്.
ഓരോ തവണ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സിന്റെ കളി കാണാന്‍ തുടങ്ങുന്നത്, 'ഇന്നെങ്കിലും' എന്ന് ആശിച്ചാണ്. ഒന്നുമുണ്ടായില്ല. അങ്ങനെ ഇന്നലത്തെക്കളി ലൈവ് കണ്ടില്ല. ഞാന്‍ കാണാതിരുന്നാല്‍ നല്ല കളി കളിച്ചാലോ എന്ന് ആവശ്യമില്ലാത്തൊരു അന്ധവിശ്വാസം. എന്നിട്ടും വലിയ മാറ്റമില്ല. ലീഗിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്നലെ വന്നെങ്കിലും അത് പോര. ബാറ്റിനും പാഡിനുമിടയില്‍ ഗ്യാപ്പുണ്ടാവരുതെന്ന പ്രാഥമിക പാഠം പോലും രോഹന്‍ മറക്കുന്നു. അത് സ്‌കില്‍ ഇല്ലാഞ്ഞിട്ടല്ല, സ്‌കില്‍ ഉണ്ടായിട്ടും അത് കളത്തില്‍ പ്രതിഫലിക്കാത്തതിന്റെ പാനിക്കില്‍ ഓവര്‍ കോമ്പന്‍സേറ്റ് ചെയ്ത് പരാജയപ്പെടുന്നതാണ്.
പക്ഷേ, രോഹനിലുള്ള വിശ്വാസം നഷ്ടമായിട്ടില്ല. ക്ലാസ് ഈസ് പെര്‍മനന്റ് എന്നാണല്ലോ. അത് ഇന്നല്ലെങ്കില്‍ നാളെ രോഹന്റെ പ്രകടനങ്ങളില്‍ പ്രതിഫലിക്കും.