ടോസ് കിട്ടിയില്ല, കളിയാക്കല്‍, പിന്നാലെ സഹതാരങ്ങളെ ഓടിച്ച് വിട്ട് രോഹിത്ത് ശര്‍മ്മ
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെടതിന് പിന്നാലെ കളിയാക്കിയ സഹതാരത്തെ ഓടിച്ച് വിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിന് തൊട്ടുമുന്‍പാണ് രസകരമായ സംഭവം നടന്നത്.
ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി പത്താം തവണയാണ് രോഹിത് ശര്‍മ്മ ടോസില്‍ പരാജയപ്പെടുന്നത്. പിന്നാലെ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റനര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ മൈക്കുമായി രോഹിതും തൊട്ടടുത്ത് നിന്നു. ഈ സമയത്താണ് പിന്നില്‍ പരിശീലനം നടത്തുകയായിരുന്ന സഹതാരങ്ങള്‍ രോഹിത്തിനെ കളിയാക്കിയത്. സഹതാരങ്ങള്‍ക്ക് നേരെ തിരിഞ്ഞ രോഹിത് അവരെ ഓടിക്കുകയായിരുന്നു.
തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ മൂന്നാമനാണ് രോഹിത് ശര്‍മ്മ. വെസ്റ്റിന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ 13 തവണയും നെതര്‍ലന്‍ഡ്സ് മുന്‍ നായകന്‍ പീറ്റര്‍ ബോറന്‍ 11 തവണയും തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യ അവസാനമായി കളിച്ച 13 ഏകദിനങ്ങളിലും ടോസ് ജയിച്ചിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് ഈ ദുര്യോഗം ആരംഭിച്ചത്. അന്ന് ടോസ് ജയിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.
അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 44 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 249 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 205 റണ്‍സിന് പുറത്തായി. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ആദ്യ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെയും രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെയും നേരിടും.